തിരുവല്ല : താലൂക്ക് ആശുപത്രിയിൽ രണ്ടുമാസമായി അടഞ്ഞുകിടന്ന മോഡുലാർ ഓപ്പറേഷൻ തിയേറ്റർ
പ്രവർത്തന സജ്ജം. ഓപ്പറേഷൻ ടേബിളിലേക്ക് വെള്ളം ചോർന്നുവീണതിനെ തുടർന്ന് ജൂലൈ അഞ്ചിനാണ് തിയേറ്റർ അടച്ചിട്ടത്.
തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ ശസ്ത്രക്രിയകൾ തുടങ്ങും. ജൂലൈ മൂന്നിന് ശസ്ത്രക്രിയ
നടക്കുന്നതിനിടെയാണ് പ്രശ്നം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. തിയേറ്ററിനുള്ളിൽ ഈർപ്പം നിറയുകയും ഊഷ്മാവ്
ക്രമാതീതമായി താഴുകയും ചെയ്തു. തുടർന്ന് തിയേറ്റർ പൂർണമായി അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
തിയേറ്റർ സ്ഥാപിച്ച കമ്പനിയുടെ വിദഗ്ധരെത്തി പരിശോധന നടത്തി. ശീതീകരണ സംവിധാനത്തിന്റെ ചില ഉപകരണം മാറ്റാൻ നിർദേശിച്ചു. പൂനൈയിലെ കമ്പനിയിലാണ് ഇത് നിർമിക്കുന്നത്. 20 ദിവസം വേണ്ടിവന്നു ഉപകരണം ലഭിക്കാൻ. 14 ഫിൽറ്ററുകൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് രണ്ടുദിവസം പരീക്ഷണാടിസ്ഥാനത്തിൽ തിയേറ്റർ പ്രവർത്തിപ്പിച്ചു. ഓഗസ്റ്റ് 14-ന് തിയേറ്ററിലെ വായുവിന്റെ സാമ്പിൾ അണുപരിശോധനയ്ക്കായി അയച്ചു. അണുവിമുക്തമാണെന്നുള്ള ഫലം 21-ന് ലഭിച്ചു. ഇതിന് ശേഷമാണ് തിയേറ്റർ തുറക്കാൻ തീരുമാനിച്ചത്.