പന്തളം : ആസാമിൽ നിന്നും വീട് വീട്ടിറങ്ങി ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തി വഴിതെറ്റിയലഞ്ഞ പതിനഞ്ചുകാരന് പന്തളം ജനമൈത്രി പോലീസ് തുണയായി. ആഗസ്റ്റ് 30 ന് രാത്രി സംശയകരമായ സാഹചര്യത്തിൽ പന്തളം കടയ്ക്കാട് ചുറ്റിതിരിഞ്ഞ കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോഴാണ് ആസാമിലെ വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. നാട്ടിൽ നിന്നും ട്രെയിൻ കയറി ചെങ്ങന്നൂരെത്തുകയും അവിടെ നിന്നും അതേ ട്രെയിനിൽ യാത്രക്കാരായായിരുന്ന ഇതരസംസ്ഥാന തെഴിലാകൾക്കൊപ്പം കടയ്ക്കാടെത്തുകയുമായിരുന്നു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടിഡി പ്രജീഷിന്റെ നിർദ്ദേശാനുസരണം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. തുടർന്ന് സി ഡബ്ല്യൂ സിയുടെ നിർദേശപ്രകാരം താൽക്കാലിക സംരക്ഷണം പറന്തൽ ആശ്രയ ശിശു ഭവൻ ഏറ്റെടുത്തു. പിന്നീട് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മയുടെ വിലാസം കണ്ടെത്തി വിവരം അവരെ ധരിപ്പിച്ചു . കുട്ടിയെ കണ്ടുകിട്ടാതെ വിഷമത്തിൽ കഴിഞ്ഞുവന്ന അമ്മയ്ക്ക് പോലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണം ആപത്തൊന്നും പിണയാതെ പൊന്നോമനയെ തിരിച്ചുകിട്ടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടിൽ നിന്നും ട്രെയിൻ കയറി അവർ കഴിഞ്ഞ ദിവസം പന്തളം പോലീസ് സ്റ്റേഷനിൽ എത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം എസ് ഐ പി കെ രാജൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ അമീഷ്, സിപിഒ സുരേഷ് എന്നിവർ അമ്മയ്‌ക്കൊപ്പം ശിശുഭവനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. നഷ്ടപ്പെട്ട മകനെ തിരികെക്കിട്ടിയ സന്തോഷത്തിൽ അമ്മ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദിയും കടപ്പാടുമറിയിച്ചു. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത ദുരവസ്ഥ മനസ്സിലാക്കിയ പോലീസ് ജനമൈത്രി സമിതി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകൻ രഘു പെരുംപുളിക്കലിന്റെയും സഹകരണത്തോടെ അതിനും പരിഹാരം കണ്ടു. ജനമൈത്രി സമതി അംഗം കൂടിയായ ആശ്രയ ശിശുഭവൻ വൈസ് പ്രസിഡന്റ് റെജി പത്തിയിലും, അമ്മയുടെയും മകന്റെയും യാത്രയ്ക്കും മറ്റുമുള്ള എല്ലാ ക്രമീകരണങ്ങൾക്കും പോലീസുദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.