തിരുവല്ല : കടപ്ര പഞ്ചായത്തിലെ പരുമലയിൽ പമ്പ കരിമ്പ് കർഷകസമിതിയുടെ നേതൃത്വത്തിൽ 10 ഏക്കർ സ്ഥലത്ത് കരിമ്പ് കൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ കൃഷി ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ട് മുമ്പ് പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറിയിൽ പഞ്ചസാര ഉല്പാദനം നിർത്തലാക്കിയതിനെ പുനരാരംഭിക്കാൻ തുടർന്ന് മുടങ്ങിപ്പോയ കരിമ്പ് കൃഷി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഈ വർഷം പദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരുമലയിൽ കർഷകസമിതി രൂപീകരിച്ച് കരിമ്പ് കൃഷി തുടങ്ങാൻ നാട്ടുകാർ തീരുമാനിച്ചത്. തിരുവല്ലാ താലൂക്കിൽ കരിമ്പുകൃഷി വ്യാപകമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവിച്ചു.
പരുമല 7-ാം വാർഡിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കർഷക സമിതി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി പണിക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങായ സാജിത്, വിമല ബെന്നി, കർഷക സമിതി നേതാക്കളായ സജി അലക്സ്, ശ്രീരേഖ ആർ നായർ, ഷിബു വർഗ്ഗീസ്, രഘുനാഥൻ നായർ, സോമൻ നായർ എന്നിവർ പ്രസംഗിച്ചു.