റാന്നി : കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി 63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ, ചെമ്പനോലി, ആശ്രമം എന്നിവിടങ്ങളിലായി ആറ് ടാങ്കുകളും നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുന്നത്. 25206 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല, കൂത്താട്ടുകുളം, വാകമുക്ക്, കുന്നം, അച്ചടിപ്പാറ, വെച്ചൂച്ചിറ ടൗണ്‍ മേഖലകളിലാണ് പദ്ധതി വഴി ജലം എത്തിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിന്റെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളോട് ചേരുന്ന ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെച്ചുച്ചിറ – മന്ദമരുതി റോഡിന്റെ ഭാഗങ്ങളായ ഇടമണ്‍, ചേത്തക്കല്‍, കണ്ണങ്കര വരേയും നാറാണംമൂഴി പഞ്ചായത്തിന്റെ ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍ ഭാഗത്തും ഇവിടെ നിന്നാണ് വെള്ളം എത്തുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക.
അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്. കൂടാതെ അടിച്ചിപ്പുഴ പദ്ധതിയില്‍ നിന്നും നാറാണംമൂഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുണ്ട്. റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, ഐത്തല പദ്ധതി എന്നിവിടങ്ങളില്‍ നിന്നും പഴവങ്ങാടിയുടെ മറ്റ് ഭാഗങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ട്.