യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവ്

പത്തനംതിട്ട : സംശയരോഗം കാരണം, ഭാര്യയുടെ മുഖത്ത് ആസിഡ് എടുത്തൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നീർക്കര പ്രക്കാനം വല്യവട്ടം തുണ്ടിയിൽ വീട്ടിൽ ശശീന്ദ്രന്റെ മകൻ രതീഷിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി പി പി പൂജ 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2016 ജനുവരി 13 ന് വൈകിട്ട് 6.50 നാണ് സംഭവം. ഓമല്ലൂർ ചന്തയ്ക്ക് സമീപമുള്ള അക്ഷയസെന്ററിൽ ജീവനക്കാരിയായിരുന്ന രഞ്ജുവിന്റെ മുഖത്ത് പ്രക്കാനം ജംഗ്ഷനിൽ വച്ചാണ് ഭർത്താവ് രതീഷ് ആസിഡ് ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ചത്. ഹോട്ടലിൽ ജോലിക്കാരനായിരുന്ന ഇയാളുടെ സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു.

Advertisements

ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ, യുവതിയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു തുടർ ചികിത്സ. എസ് ഐ സുമിത് ജോസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ ശാസ്ത്രീയ തെളിവുകളും മറ്റും പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി രേഖ അർ നായർ ഹാജരായി.

Hot Topics

Related Articles