“വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരി മാഫിയയെ തുരത്തണം”; ലഹരി മാഫിയയ്ക്ക് താക്കീതുമായി പി.ടി.എ പ്രസിഡന്റുമാരുടെ സമ്മേളനം പാലാ ബിഷപ്‌സ് ഹൗസില്‍ നടന്നു

പാലാ : വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരി മാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പി.ടി.എ. പ്രസിഡന്റുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. അനധികൃത കടത്തും വിപണനവും തടയാന്‍ ഉത്തരവാദിത്വപ്പെട്ട എക്‌സൈസ് – പോലീസ് – ഫോറസ്റ്റ് – റവന്യു സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ നിസംഗത പാലിക്കുകയാണെന്നും ശക്തമായ നടപടി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

Advertisements

കുട്ടികളുടെ കാവല്‍ക്കാരായി രക്ഷിതാക്കള്‍ വഴിയിലിറങ്ങേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പി.ടി.എ.കള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകരുത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളിന്റെ ഒരു വലിയ സംരക്ഷണ സമിതികൂടിയാണ് പി.ടി.എ. പി.ടി.എ. എവിടെയൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ അവിടെയൊക്കെ ഏറ്റവും മികച്ച നിലയില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പി.ടി.എ.യുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കുട്ടികളുടെ കരുതലും കാവല്‍ക്കാരുമായിരിക്കുന്നതില്‍ പി.ടി.എ.യ്ക്കും പ്രസിഡന്റുമാര്‍ക്കും മുഖ്യപങ്കുണ്ട്. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീര്‍പ്പും പാടില്ലായെന്നും ബിഷപ് പറഞ്ഞു.

ലഹരി വസ്തുക്കളുടെ വിപണനവും സ്വാധീനവും ഉപയോഗവും അനിയന്ത്രിതമായവിധം വിദ്യാലയ പരിസരങ്ങളില്‍ വ്യാപിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലാ രൂപത മുന്‍കൈ എടുത്ത് പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര സമ്മേളനം വിളിച്ചുചേര്‍ത്തത്. 

സ്‌കൂള്‍ പരിസരങ്ങളില്‍ പി.ടി.എ.യുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യമുണ്ടാകണം. സ്‌കൂള്‍ പരിസരത്ത് അനധികൃതമായി ചുറ്റിക്കറങ്ങുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഈ വിഷയത്തില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി പി.ടി.എ.കളും അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേരണം. രക്ഷകര്‍ത്താക്കളെ ലഹരിയുടെ ഗൗരവം ബോധ്യപ്പെടുത്തണം. 

കുട്ടികളുടെ കരുതലും കാവലുമായി പി.ടി.എ.കള്‍ മാറണം. പിടിക്കപ്പെടുന്ന ലഹരി കുറ്റവാളികളെ വിട്ടയയ്ക്കുന്ന അധികാരികളുടെ നടപടി ഇനിമുതല്‍ പി.ടി.എ.കള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. എക്‌സൈസ് – പോലീസ് – ഫോറസ്റ്റ്- റവന്യു സംവിധാനങ്ങളുടെ നിരീക്ഷണം എല്ലാ സ്‌കൂളുകളുടെയും പരിസരങ്ങളില്‍ ഉണ്ടാകണം. 

വയനാട് ദുരന്തത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രവര്‍ത്തന പദ്ധതികളും പ്രമേയവും അവതരിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. രൂപതാ എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.