തിരുവല്ല : 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവല്ലയിലെ രാമൻചിറയിൽ നിന്നും നാല് യുവാക്കൾ പോലീസിന്റെ പിടിയിലായി. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിലിൽ സഫീൻ സേട്ട് (40), പത്തനംതിട്ട മെഴുവേലി തുമ്പമൺ നോർത്ത് പടിഞ്ഞാറ്റിൻകര വീട്ടിൽ പ്രദീഷ് (30), മുളക്കുഴ അരീക്കര ലക്ഷംവീട് കോളനിയിൽ വലിയ കാലായിൽ വീട്ടിൽ ഹരീഷ് (32), മെഴുവേലി ആറണക്കോട് കിഴക്കകം പുത്തൻ വീട്ടിൽ സഞ്ജു ( 30 ) എന്നിവരാണ് രാമൻചിറയിലെ മുക്കാട്ട് വീട്ടിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പിടിയിലായത് .
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ വിദ്യാധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയിലോല്പനങ്ങൾ പിടിച്ചെടുത്തത്. വീടിനുള്ളിലും കാർ പോർച്ചിലുമായി സൂക്ഷിച്ചിരുന്ന 30 ചാക്കോളം പുകയില ഉൽപ്പന്നങ്ങളും ഇവ വിതരണം ചെയ്യുന്നതിനായി സംഘം ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് സംഘംപോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ നിരോധന പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നു സംഘമാണ് പിടിയിലായതെന്ന് തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. പിടിയിലായ നാലുപേരും മുമ്പും നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ പ്രതികൾ ആണെന്ന് പോലീസ് പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി എസ് അഷാദ്, സിഐ ബി കെ സുനിൽ കൃഷ്ണൻ, എസ് ഐ അനീഷ് ഏബ്രഹാം, ഡാൻസാഫ് എസ് ഐ അനൂപ്, എ എസ് ഐ മാരായ അജികുമാർ, സിപിഒ മാരായ മിഥുൻ ജോസ്, ബിനു, അഖിൽ, പ്രസാദ്, കെ എം അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.