പത്തനംതിട്ട :
പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് കോംപ്ലക്സില്‍ 26 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദമായ സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ അഭിമാന പദ്ധതിയാണ് ബാരിയര്‍ ഫ്രീ കേരള. റാമ്പുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷി സൗഹൃദ വീല്‍ചെയര്‍ പാതകള്‍, ടാക്ടൈലിക്ക് ടൈല്‍സ്, ഭിന്നശേഷി സൗഹാര്‍ദമായ ടോയ്ലറ്റുകള് തുടങ്ങിയവ നിര്‍മിച്ച് പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാരീരിക മാനസിക പരിമിതികളെ അതിജീവിക്കുന്നതിനുള്ള ഒരുപാട് പദ്ധതികള്‍ വകുപ്പ് നടപ്പാക്കി വരുന്നു. ചലനപരിമതിയുള്ളവര്‍ക്ക് സുഖമമായി സഞ്ചരിക്കുന്നതിനുള്ള ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്ന ശുഭയാത്ര പദ്ധതി, കാഴ്ച പരിമിതിയുള്ളവര്‍ക്ക് വോയിസ് എന്‍ഹാന്‍സിഡ് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുന്ന കാഴ്ച പദ്ധതി, തുടങ്ങിയവ നടപ്പാക്കി വരുന്നു. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് നേരത്തെതന്നെ കോക്ലിയര്‍ ഇമ്പ്ളാന്റേഷനും ഏറ്റവും മികച്ച ഹിയറിംഗ് എയ്ഡും നല്കുന്ന ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പിന് കൈമാറി നല്‍കിയിട്ടുണ്ട്.
ഭിന്നശേഷികാര്‍ക്കുള്ള കൃത്യമ അവയവ നിര്‍മാണ യൂണിറ്റും ഷോറൂമും പ്രവര്‍ത്തിച്ചു വരുന്നു.
ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിഷും നിപ്മറും ദേശിയ നിലവാരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭിന്നശേഷി സമൂഹത്തിന് ഏറ്റവും സുരക്ഷിതവും ആനന്ദകരവുമായ ഇടമാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ബാരിയര്‍ ഫ്രീ പത്തനംതിട്ടയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹാര്‍ദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലയില്‍ പുതിയ സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. പുതിയ സിവില്‍ സ്റ്റേഷന്റെയും കോടതി സമുച്ചയത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാബീഗം, കോഴഞ്ചേരി തഹസില്‍ദാര്‍ കെ ജയ്ദീപ്, ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജി. രമാദേവി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.