വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടി

തിരുവല്ല:
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പുളിക്കീഴ് പൊലീസ് ശ്രമകരമായ ദൗത്യത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണിയാൾ. പുളിക്കീഴ് പൊലീസ് 2015 ലെടുത്ത വധശ്രമക്കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യം നേടിയ ശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു.

Advertisements

വർഷങ്ങളായി മുങ്ങിനടന്ന ഇയാൾക്കെതിരെ തിരുവല്ല ജെ എഫ് എം കോടതിയിൽ 2022 ൽ എൽപി വാറന്റ് ഉത്തരവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ അടൂർ തൃക്കുന്നപ്പുഴ രാമങ്കരി എന്നിവടങ്ങളിൽ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് ബോധ്യമായി. കൊലപാതകം വധശ്രമം വീട് കയറി ആക്രമണം എന്നിവയ്ക്ക് എടുത്തവയാണ് കേസുകൾ. നിരന്തരമായ അന്വേഷണത്തിൽ ഇയാളെ പറ്റി തുമ്പുകിട്ടാതെ വന്നപ്പോൾ സഹോദരനെ കണ്ടെത്തുകയും അയാളുടെ ഫോണിന്റെ സി ഡി ആർ പൊലീസ് പരിശോധിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാണിക്യം എന്നയാളുടെ പേരിലുള്ള ഫോൺ നമ്പരിൽ നിന്നും പലപ്പോഴായി സുകുമാരന്റെ ഫോൺ കോളുകൾ ഇയാൾക്ക് ലഭിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഇതിനെ കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരിയിലെ കിടങ്ങറയിലും പരിസരപ്രദേശങ്ങളിലും പുളിക്കീഴ് പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ച് അന്വേഷണം നടത്തി. തമിഴ്നാട് സ്വദേശികൾക്ക് ഒപ്പം മുരുകൻ എന്ന പേരിൽ കിടങ്ങറ പാലത്തിനടിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ഇങ്ങനെയാണ് പിടികൂടിയത്. തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലാക്കിയ സുകുമാരനെ വിശദമായി ചോദ്യം ചെയ്തു. കൂടെ താമസിച്ചുവന്ന തമിഴ്നാട്ടുകാരന്റെ തിരിച്ചറിയൽ രേഖകൾ മാറ്റി മുരുകൻ എന്ന കള്ളപേരിൽ താമസിക്കുകയായിരുന്നു.

മുരുകന്റെ ഐ ഡിയിലാണ് ഇയാൾ അവിടെ അറിയപ്പെട്ടത്. മൊബൈൽ ഫോണിന്റെ ഐ എം ഇ ഐ നമ്പർ കണ്ടെത്തിയും തുടർന്ന് വിരലടയാളം പരിശോധിച്ചും പ്രതിയെ ഉറപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ കെ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി കുടുക്കിയത്. സി പി ഓമാരായ രഞ്ജു കൃഷ്ണൻ, നിതിൻ തോമസ്, സുധീപ് എസ് കുമാർ ,അനൂപ്, അലോക്, അരുൺ ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Hot Topics

Related Articles