തിരുവല്ല പുല്ലാട് രമാദേവി കൊലക്കേസ് : 17 വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ

തിരുവല്ല : ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതിയായ ഭർത്താവ് 17 വർഷത്തിന് ശേഷം അറസ്റ്റിലായി. പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടിൽ രമാദേവി (50) കൊല്ലപ്പെട്ട കേസിലാണ് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കൂടിയായ ഭർത്താവ് സി ആർ ജനാർദ്ദനൻ നായർ (75) ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് . വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Advertisements

2006 മെയ് മാസം ഇരുപത്തിയാറാം തീയതി വൈകിട്ട് ഏഴുമണിയോടെയാണ് രമാദേവിയെ വീടിനുള്ളിൽ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മാസ്റ്റർ ആയിരുന്ന ജനാർദ്ദനൻ ആണ് വൈകിട്ട് 7 മണിയോടെ കൊലപാതക വിവരം പുറത്തറിയിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ കോയിപ്രം പോലീസ് മേൽ നടപടിക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അന്വേഷണത്തിന്റെ ഭാഗമായി ജനാർദ്ദനന്റെ വീടിനോട് ചേർന്ന് കെട്ടിട നിർമ്മാണം നടത്തി വന്നിരുന്ന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തൊഴിലാളിയും തമിഴ്നാട് സ്വദേശിയുമായ ചുടല മുത്തുവിനെ കൊല നടന്ന് അടുത്ത ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ഇയാൾക്ക് നേരെ തിരിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങൾ പിന്നിട്ടിട്ടും കൊലപാതക കേസിലെ പ്രതിയെ പിടികൂടാത്തതിന് എതിരെ ആക്ഷൻ കൗൺസിൽ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് ആവശ്യപ്പെട്ട് ഭർത്താവ് ജനാർദ്ദനൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനാർദ്ദനൻ കോടതിയെ സമീപിക്കും മുമ്പ് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നു.

തുടർന്ന് നടന്ന തുടരന്വേഷണത്തിന്റെ ഭാഗമായി ചുടല മുത്തുവിന് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് സംഘം തെങ്കാശിയിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടന്ന ആറുമാസം കഴിഞ്ഞ് ജനാർദ്ദനന്റെ വീട്ടിലെ കിണറ്റിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട കത്തി പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട രമാദേവിയുടെ കൈകളിൽ നിന്നും ലഭിച്ച 40 മുടിയിഴകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയക്ക് ഒടുവിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ജനാർദ്ദനൻ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles