മല്ലപ്പള്ളി : ഒളിമ്പ്യൻ മാരായ പി രാമചന്ദ്രനും ജിൻസി ഫിലിപ്പിനും മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി സ്വീകരണം നൽകി. സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ ജോർജ് അധ്യക്ഷത വഹിച്ചു. ബിനോയ് പണിക്കമുറി, ജോൺ മാത്യു, ജോസഫ് ഇമ്മാനുവൽ, ഡബ്ലിയു. എ. ജോൺ, സെക്രട്ടറി തോമസ് സ്കറിയ എന്നിവർ പ്രസംഗിച്ചു. ചെറുപ്പം മുതൽ ലഭിക്കുന്ന പരിശീലനവും പ്രോത്സാഹനവുമാണ് നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ പ്രേരണയാകുന്നതെന്നും മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം ഇക്കാര്യത്തിൽ നൽകുന്ന സംഭാവന വിലപ്പെട്ടതാണെന്നും ഇരുവരും പറഞ്ഞു.
2000-ലെ സിഡ്നി ഒളിമ്പിക്സിലാണ് ഇവർ പങ്കെടുത്തത്. ഏഷ്യൻ ഗെയിംസിലും 4 X400 മീറ്റർ റിലേയിൽ ജിൻസി ഫിലിപ്പ് സ്വർണവും രാമചന്ദ്രൻ വെങ്കലവും നേടിയിരുന്നു. തുടർച്ചയായുള്ള മികച്ച പെർഫോമൻസ് വിലയിരുത്തി കേന്ദ്രസർക്കാർ നൽകുന്ന ധ്യാൻചന്ദ് അവാർഡും ജിൻസി ഫിലിപ്പിന് ലഭിക്കുകയുണ്ടായി. രാമചന്ദ്രൻ ചെന്നൈ കസ്റ്റംസിൽ ഡെപ്യൂട്ടി കമ്മീഷണറായും ജിൻസി ഫിലിപ്പ് കോയമ്പത്തൂർ സി.ആർ.പി.എഫിൽ ഡെപ്യൂട്ടി കമാൻഡന്റായും ജോലി നോക്കുന്നു.