പത്തനംതിട്ട :
ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവില്‍ കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയില്‍ കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന സുരേഷ് (32) ആണ് അറസ്റ്റിലായത്.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരുന്ന കാലയളവില്‍ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാള്‍ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയില്‍പെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും, സന്നിധാനത്തെയും, പമ്പയിലെയും നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇയാള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരുനെല്‍വേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം വിദഗ്ദ്ധമായി കുടുക്കി. തുടർന്ന് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.