പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും 6 .45 നും ഇടയിലാണ് നിറപുത്തരി ആഘോഷം. നിറപുത്തരി ആഘോഷത്തിനായി ഭക്തർ ജില്ലയ്ക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ നെൽകൃഷി ചെയ്തിരുന്നു.
ഇവ കൊയ്ത് കറ്റകളാക്കി ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ ഞായറാഴ്ച സന്നിധാനത്ത് എത്തി പതിനെട്ടാം പടിക്കു താഴെ സമർപ്പിക്കും.
തുടർന്ന് തന്ത്രിയും മേൽശാന്തിയും തീർത്ഥം തളിച്ച് ശുദ്ധി വരുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തിലേക്ക് സ്വികരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നെൽകതിരുകൾ പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കി 12 ന് രാത്രിയിൽ ഹരിവരാസനം പാടി നട അടയ്ക്കും.