ശബരിമല തീര്‍ത്ഥാടനം ; വിപുലമായ സേവനങ്ങള്‍ : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം.

Advertisements

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തണം. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കണം. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനം ലഭ്യമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ നിലയ്ക്കല്‍ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിര്‍മ്മാണം തുടങ്ങാന്‍ നിര്‍ദേശം നല്‍കി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സമയബന്ധിതമായി നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.

അടൂര്‍, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരു മെഡിക്കല്‍ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യകരമായ തീര്‍ത്ഥാടനത്തിന് തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍, ബാനര്‍, പോസ്റ്റര്‍ എന്നിവ തയ്യാറാക്കണം. സോഷ്യല്‍ മീഡിയയിലും അവബോധ പ്രചരണം നല്‍കണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles