പത്തനംതിട്ട : ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുരക്ഷായാത്ര എട്ടിന് ആരംഭിക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി ഡി എം എ യോഗത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം. കളക്ടറേറ്റു മുതല്‍ പമ്പ വരെയാണു സുരക്ഷായാത്ര നടത്തുന്നത്.
ശബരിമല പാതയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് സുരക്ഷായാത്ര സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം.
ഇടത്താവളങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ 10 ന് ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവാഭരണഘോഷയാത്ര പാതകളിലെ കാടുകള്‍ വെട്ടിത്തെളിക്കും. സ്നാനകടവുകള്‍ പരിശോധിച്ച് ആവശ്യമായ ബാരിക്കേഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തും. അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം നവംബര്‍ 15 നു പ്രവര്‍ത്തനസജ്ജമാകും. അഗ്‌നിശമനസേന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. റോഡിലെ അറ്റകുറ്റപണികള്‍ നവംബര്‍ 10 നും റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ 15 നും പൊതുമരാമത്ത് നിരത്തുവിഭാഗം പൂര്‍ത്തിയാക്കും.
സന്നിധാനത്തെ കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണി 10 നു പൂര്‍ത്തിയാക്കും. തടസമില്ലാതെ ജലലഭ്യതയും ഗുണനിലവാരപരിശോധനയും ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകര വിളക്കുമായി ബന്ധപ്പെട്ടു വിവിധ അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
അഗ്‌നി സുരക്ഷാസേന, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം, കെട്ടിട വിഭാഗം എന്നിവര്‍ സുരക്ഷാ ഓഡിറ്റിംങ് നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി റെസ്‌ക്യൂ ടീം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യക്കോസ്, ജില്ലാ ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.