പത്തനംതിട്ട : ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയര്‍പ്പോര്‍ട്ട് നിര്‍മ്മിക്കുന്നതിനു വേണ്ട അനുമതികള്‍ ലഭിച്ചു കഴിഞ്ഞു. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് നൂറുദിന കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
നാടിന്റെ ഗതാഗത വികസനത്തിന് വേഗത കൂട്ടുവാനാണ് സര്‍ക്കാര്‍ ശ്രമം. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്ക്കുള്ള പണം കണ്ടെത്തിക്കഴിഞ്ഞു. ജലഗതാഗതവും മികച്ച രീതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
48 കോടിയിലധികം രൂപ ചിലവിലാണ് 18 റോഡുകള്‍ നവീകരിച്ചതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 2610 കോടി രൂപയുടെ 231 പ്രവര്‍ത്തികളാണ് നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവയില്‍ 71 പദ്ധതികള്‍ പൂര്‍ത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ പ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജംഗ്ഷന് നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ്. പശ്ചാത്തല വികസനത്തില്‍ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
നാലു കോടി രൂപ ചിലവില്‍ നിര്‍മിച്ച 4.00 കി.മീ. ദൈര്‍ഘ്യമുള്ള കുമ്പഴ – മലയാലപ്പുഴ റോഡ് പുനലൂര്‍-മൂവാറ്റുപുഴ റോഡിലെ കുമ്പഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മലയാലപ്പുഴ ജംഗ്ഷനില്‍ എത്തിച്ചേരുന്നു.
ആറന്മുള, കോന്നി എന്നീ നിയോജകമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ഈ റോഡ് കോന്നിയില്‍ നിന്നും വെട്ടൂര്‍ വഴി മലയാലപ്പുഴയില്‍ എത്തുന്നതിനും മണ്ണാറക്കുളഞ്ഞി പുതുക്കുളം റോഡ്, ആനച്ചാരിക്കല്‍- മീന്മുട്ടിക്കല് റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്നതും മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയുമാണ്. ഏഴു മീറ്റര്‍ വീതിയില്‍ ബിഎംആന്‍ഡ് ബിസി ചെയ്ത് പൂര്‍ത്തീകരിച്ച റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 7.5 മീറ്റര്‍ നീളത്തില്‍ ഐറിഷ് ഓടയും 41 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡ്, റോഡ് സ്റ്റഡുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ഇതുള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ ജെറി അലക്സ്, ലാലി രാജു, വിമല ശിവന്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, ജനതാദള്‍ എസ് ജില്ലാ ട്രഷറര്‍ നൗഷാദ് കണ്ണങ്കര, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.