ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന ; സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്.
പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി.

Advertisements

എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, എ.ഡി.എം. അരുൺ എസ്. നായർ, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. തമിഴ്‌നാട് ദേവസ്വം വകുപ്പുമന്ത്രി പി.കെ. ശേഖർബാബുവും തങ്ക അങ്കി ദർശനത്തിന് എത്തിയിരുന്നു. തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി. എ.ഡി.എം. അരുൺ എസ്. നായർ, എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.