ശബരിമല: ശബരിമലയിൽ തീർത്ഥാടകരുടെ മഹാ പ്രവാഹത്തിൽ നിറഞ്ഞു സന്നിധാനം. ദിവസം ചെല്ലുംതോറും ഭക്തജനതിരക്ക് വർദ്ധിക്കുകയാണ്.
ആറര ലക്ഷം പേരാണ് തിങ്കളാഴ്ച വരെ ശബരിമലയിൽ ദർശനത്തിനായി എത്തിയത്.
തിരക്ക് നിയന്ത്രിക്കാനും സൗകര്യങ്ങൾ ഒരുക്കാനും ദേവസ്വം പ്രസിഡന്റും ഉദ്യോഗസ്ഥരും അക്ഷീണരായി പ്രവർത്തിക്കുകയാണ്. വലിയ നടപന്തലിൽ നിന്ന് പതിനെട്ടാം പടികയറാൻ മണിക്കൂറുകളോളം അയ്യപ്പന്മാർ കാത്തുനിൽക്കേണ്ടിവരുണ്ട്.ഇവർക്ക് ദാഹമകറ്റാൻ ഔഷധ ചുക്കുവെള്ളവുമായി ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ നേരിട്ടേത്തി. ഒൻപതു വരികളിൽ നിന്നിരുന്ന ഭക്തർക്ക് എല്ലാവർക്കും വെള്ളം എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. നടുക്കത്തെ വരികളിൽ നിൽക്കുന്ന അയ്യപ്പൻമാർക്ക് വെള്ളം ലഭിക്കുന്നില്ല എന്നത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപെടുകയും അദ്ദേഹം നേരിട്ട് ഇടപെട്ടു ഉള്ളിൽ നിൽക്കുന്ന ഭക്തർക്ക് സ്റ്റീൽ കുപ്പികളിൽ ഉടൻ തന്നെ വെള്ളം എത്തിച്ചു.
ഉദ്യോഗസ്ഥരെ ജോലി ഏല്പിച്ചു മാറിനിൽക്കാതെ ദേവസ്വം പ്രസിഡന്റ് നേരിട്ട് ഉദ്യമത്തിൽ പങ്കാളിയായി. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുത്തത്. പ്രസിഡന്റിന്റെ പ്രവർത്തിയിൽ പങ്കാളികളായി ഉദ്യോഗസ്ഥരും ജോലി ഏറ്റെടുത്തു. തനിക്കൊപ്പം ഭക്തർക്ക് വെള്ളം എത്തിക്കാൻ കൂടെനിന്ന ഉദ്യോഗസ്ഥരെ പ്രസിഡന്റ് അനുമോദിച്ചു. തിരക്കിനനുസരിച്ചു ചുക്കുവെള്ളം വിതരണവും തകൃതിയായി നടന്നു. അയ്യപ്പഭക്തർക്ക് മകരമാസത്തിലെ തണുപ്പിനെ അതിജീവിക്കാനും, ജലദോഷം പോലെയുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടാൻ ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത ഔഷധ ഗുണമുള്ള ചുക്കുവെള്ളം സഹായിക്കുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.