പത്തനംതിട്ട :
രോഗാവസ്ഥകളും വാർദ്ധക്യവും ഒറ്റപ്പെടലും നിമിത്തം ജീവിതം ഒരു ദുരിതമായി മാറിയ സീതത്തോട് ലക്ഷം വീട് കോളനിയിൽ വട്ടപ്പറമ്പിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സരസമ്മ (85) അടൂർ മഹാത്മ ജനസേവനകേന്ദ്രം അഭയമായി. വയ്യാറ്റുപുഴ സ്വദേശിയായ സരസമ്മ ഭർത്താവിന്റെ മരണത്തോടെയാണ് സീതത്തോട്ടിലെ ലക്ഷംവീട്ടിലേക്ക് താമസം മാറിയത്. രോഗ ദുരിതങ്ങളിൽ അയൽവാസികളും എസ് എൻ ഡി പി ശാഖാ പ്രവർത്തകരും സഹായകരമായിരുന്നു. എന്നാൽ പ്രമേഹം കൂടി വീണുപോയതോടെ തനിച്ചുളള ജീവിതം ദുസ്സഹമായി.
തുടർന്ന് ശാഖാ സെക്രട്ടറി സുരേഷ് റ്റി എൻ, രാജപ്പൻ മാമ്പറ, സദാശിവൻ എന്നിവർ ഇടപെട്ട് അടൂർ മഹാത്മയിൽ വിവരം അറിയിക്കുകയായിരുന്നു.
അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, ട്രഷറർ മഞ്ജുഷ ജി, പ്രവർത്തകരായ പുഷ്പ സന്തോഷ്, വിനോദ് ആർ, അമൽരാജ്, മോനിഷ് എന്നിവർ സ്ഥലത്തെത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ലേഖ സുരേഷ്, വാർഡ് മെമ്പർ ശ്രീദേവി രതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഏറ്റെടുത്തു.
തങ്ങളുടെ പ്രിയപ്പെട്ട മാതാവ് സരസമ്മയെ യാത്രയാക്കുവാൻ എസ് എൻ ഡി പി ശാഖയിലെ വനിതാ സംഘം പ്രവർത്തകരും അയൽക്കാരും ചേർന്ന് വലിയോരു ജനാവലി വീട്ടിലെത്തി പ്രാർത്ഥനയും ചായ സൽക്കാരവും നടത്തിയാണ് യാത്രയാക്കിയത്.