തിരുവല്ല : വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡിന് എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി. കുറ്റപ്പുഴ പുതുപ്പറമ്പിൽ രാഹുൽ ( 30 ), സഹോദരൻ ഗോകുൽ ( 26 ) എന്നിവരാണ് പിടിയിലായത് . മഞ്ഞാടി ആമല്ലൂരിലെ രാഹുലിന്റെയും ഗോകുലിന്റെയും വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡിന് എത്തിയ കറ്റോട് എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നന്റ നേതൃത്വത്തിൽ എത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മഫ്തിയിലുള്ള നാല് എക്സൈസ് ഉദ്യോഗസ്ഥരാണ് ആദ്യം വീട്ടിലേക്ക് ചെന്നത് . ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന രാഹുലും ഗോകുലം അടക്കമുള്ള 12 അംഗസംഘം മദ്യപിക്കുകയായിരുന്നു. തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥൻ ആണെന്നും റെയ്ഡിന് എത്തിയതാണെന്നും വീട് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതോടെ 12 അംഗ സംഘം ഉദ്യോഗസ്ഥരെ വളഞ്ഞു. തുടർന്ന് ജീപ്പിൽ പുറത്തുണ്ടായിരുന്ന ഇൻസ്പെക്ടർ അടക്കമുള്ള സംഘം വീട്ടിലെത്തി. ഇതോടെ യുവാക്കൾ സംഘം ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് എത്തിയ തിരുവല്ല പോലീസ് ഗോകുലിനെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് മറ്റ് സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. അക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രസന്നൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പ്രതികൾക്ക് എതിരെയും തിരുവല്ല സ്റ്റേഷനിൽ നിരവധി കേസുകൾ ഉള്ളതായി ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. തിരുവല്ല എസ് ഐ മാരായ പികെ കവി രാജ്, അനീഷ് എബ്രഹാം, സീനിയർ സിപിഒ സി.വി പ്യാരിലാൽ, സി പി ഒ മാരായ അർജുൻ വിപിൻ ദാസ്, അരുൺ രവി , ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.