പത്തനംതിട്ട : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ജില്ലയിലുള്ള സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കൈയേറ്റങ്ങള്‍ നാടിന്റെ വികസനത്തെയാണ് തടസപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങള്‍ നല്‍കിയ സ്ഥലങ്ങള്‍ പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കൈയേറ്റക്കാര്‍ക്ക് ശക്തമായ നടപടിയിലൂടെ സന്ദേശം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് മികച്ച റോഡും കുടിവെള്ളവും ലഭിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് കുഴിക്കുന്നത് എത്രയും വേഗം ഈ പ്രവൃത്തി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണം. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം ഉണ്ടാകാതെ പൂര്‍ത്തിയാക്കുകയും ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണം. കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്നും പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന കിഫ്ബി പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പത്തനംതിട്ട വില്ലേജിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കണം. മുട്ടുമണ്‍ – തടിയൂര്‍, മഞ്ഞനിക്കര – ഇലവുംതിട്ട, വള്ളംകുളം – നന്നൂര്‍ റോഡുകളുടെ നിര്‍മാണങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം. ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും വിലയിരുത്തുകയും സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുകയും ചെയ്യണം.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൈവഴി-നെടിയകാല റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണം. മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറത്തേക്ക് എത്തുന്നതിന് തോട്ടപ്പുഴശേരി പഞ്ചായത്തിലെ പ്രദേശത്ത് തടസമായിട്ടുള്ള മണ്ണ് നീക്കണം. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ എംഎല്‍എമാരെ വകുപ്പുകള്‍ അറിയിക്കണം. അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ അലൈന്‍മെന്റ് സ്റ്റോണ്‍ സ്ഥാപിക്കുന്നത് വേഗം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷാ പ്രവൃത്തികള്‍ക്ക് പത്തനംതിട്ട ജില്ലയ്ക്ക് കൂടുതല്‍ തുക അനുവദിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയ്ക്ക് ഇതുവരെ ലഭിച്ച റോഡ് സുരക്ഷാ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആര്‍ടിഒ ലഭ്യമാക്കണം. കവിയൂര്‍ – ചങ്ങനാശേരി റോഡിലെ തോട്ടഭാഗം മുതല്‍ പായിപ്പാട് വരെയുള്ള ഭാഗത്തെ ബിസി ടാറിംഗ് ഉള്‍പ്പെടെ നിര്‍മാണ പ്രവൃത്തികള്‍ കിഫ്ബി പൂര്‍ത്തിയാക്കണം. ഇവിടെ റോഡ് വികസനത്തിനായി ജനങ്ങളും ആരാധനാലയങ്ങളുടെ സ്ഥലങ്ങളും സൗജന്യമായി വിട്ടു നല്‍കിയിരുന്നു. ഇതു കണക്കിലെടുത്ത് ഈ ഭാഗത്തെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം.
കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിന് പത്തനംതിട്ട ജില്ലയ്ക്ക് ഒരു ഓഫീസ് അനുവദിക്കണം. തിരുവല്ല- മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സര്‍വേ മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കണം. തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിലെ പരസ്യങ്ങളുടെ വരുമാനം ആര്‍ക്കു ലഭിക്കുന്നു, പരസ്യ നിരക്ക് എത്ര, ഇതുവരെ ഈടാക്കിയ പണം ആര്‍ക്ക് ലഭിച്ചു തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണം. ജില്ലയിലെ കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണം. അപകടങ്ങള്‍ നിരന്തരമുണ്ടാകുന്ന തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ തോടിനു സമീപം റോഡില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സ്റ്റഡ് സ്ഥാപിക്കണം.
മുത്തൂര്‍, കാവുംഭാഗം ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ബഫര്‍സോണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് നടപടി വേഗം പൂര്‍ത്തിയാക്കണം. ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കണം. ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ വേഗം ഏറ്റെടുത്ത് നല്‍കണം. പമ്പാ വാലി മേഖലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് അടിയന്തിരമായി ആരംഭിക്കണം. മലയോര മേഖലയിലെ നിര്‍ത്തിവച്ചിട്ടുള്ള എല്ലാ സര്‍വീസുകളും കെഎസ്ആര്‍ടിസി പുനരാരംഭിക്കണം.
എല്‍എസ്ജിഡി വിഭാഗവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തികളുടെ അനുമതികള്‍, നിര്‍വഹണം എന്നിവയ്ക്ക് വേഗം ഉറപ്പാക്കണം. റാന്നി താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട സ്ഥലം എടുപ്പ് വേഗമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
പൈപ്പ് ഇടുന്നതിന് റോഡില്‍ എടുത്തിട്ടുള്ള കുഴികള്‍ അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നദിയില്‍ നിന്ന് എടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന മണലും ചെളിയും ലേലം ചെയ്തു നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം.
പാറ ഉത്പന്നങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് ക്വാറി ഉടമകളുടെ യോഗം ജില്ലാ കളക്ടര്‍ അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനും അഴൂര്‍ ജംഗ്ഷനും മധ്യേ ഗതാഗത കുരുക്കിനു കാരണമാകുന്ന റോഡിലെ കൈയേറ്റങ്ങള്‍ തടയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാട്ടാത്തി-കോട്ടാമ്പാറ ആദിവാസി കോളനി വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് വേഗത്തില്‍ തയാറാക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി വിഷ്ണു പറഞ്ഞു. എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.