ശക്തമായ കാറ്റും മഴയും; തിരുവല്ല താലൂക്കിൽ കനത്ത നാശം : മൂന്നു വീടുകൾക്ക് കേടുപാടുണ്ടായി

തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റിൽ താലൂക്കിൽ മൂന്ന് വീടുകൾക്ക് ഭാഗീകനാശം സംഭവിച്ചു. കടപ്ര വില്ലേജ് ഏഴാം വാർഡിൽ കുമ്പളശ്ശേരിൽ റെജി, വളഞ്ഞവട്ടം തുരുത്തിയിൽ കുഞ്ഞുകുഞ്ഞമ്മ റോയി, നിരണം വില്ലേജിൽ ആശാരിപ്പറമ്പിൽ കുഞ്ഞുകുഞ്ഞമ്മ എന്നിവരുടെ വീടുകളുടെ മുകളിലാണ് മരങ്ങൾ വീണത്. ശക്തമായ കാറ്റിൽ പെരിങ്ങര പുതുക്കുളങ്ങര ക്ഷേത്രവളപ്പിൽ നിന്നിരുന്ന മരങ്ങളുടെ വൻശിഖരങ്ങൾ ഒടിഞ്ഞുവീണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാർ ഭാഗികമായി തകർന്നു. പെരിങ്ങര ഗവ.സ്‌കൂളിലെ അദ്ധ്യാപകൻ ജിതിൻ വർഗീസിന്റെ കാറിന്റെ മുൻവശത്തെ ചില്ലുടഞ്ഞു. ബോണറ്റിനും തകരാറുണ്ട്. പെരിങ്ങര – കാരയ്ക്കൽ റോഡിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. ശിഖരം വീണതിനെ തുടർന്ന് ക്ഷേത്രത്തിന് എതിർവശത്തുള്ള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഭാഗികമായി തകർന്നിട്ടുണ്ട്. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തും മുമ്പ് നാട്ടുകാർ ചേർന്ന് ശിഖരങ്ങൾ മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Advertisements

Hot Topics

Related Articles