അടൂരിന്റെ കാലാവസ്ഥാ പ്രവചനം ഇനി വിദ്യാര്‍ഥികള്‍ നടത്തും

അടൂർ : സമഗ്രശിക്ഷാ കേരളയുടെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനസജ്ജമായ കാലാവസ്ഥാനിലയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നാടിന് സമര്‍പ്പിച്ചു. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനിമുതല്‍ പ്രദേശത്തെ കാലാവസ്ഥാ – ദിനാന്തരീക്ഷസ്ഥിതി മനസിലാക്കുകയും ഡേറ്റകള്‍ തയാറാക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും.
സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് കാലാവസ്ഥാ പ്രവചനനിലയം നിര്‍മിച്ചത്.

Advertisements

എസ്എസ്‌കെയുടെ ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതിയെ വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് വരവേറ്റത്. ഭൂപ്രകൃതി വൈവിധ്യം ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തെ സൂക്ഷ്മമായ കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിരീക്ഷിക്കപ്പെടുമ്പോള്‍ കാലാവസ്ഥാ പ്രവചന രംഗത്ത് ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് സാധ്യമാവുക. കേരളത്തിലെ ഓരോ നഗര/ ഗ്രാമപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടുകൂടി പ്രാദേശികമായിത്തന്നെ കാലാവസ്ഥാ പ്രവചനം സാധ്യമാവും.
കൃഷിക്കും, നാടിന്റെ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാലാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ധാരണ അത്യന്താപേക്ഷിതമാണെന്നിരിക്കെ ഓരോ പ്രദേശത്തെയും ജനജീവിതത്തെ ഇവ ഗുണപരമായി സ്വാധീനിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. വിദ്യാലയങ്ങളെ കേവലം അറിവിന്റെ വിതരണ കേന്ദ്രങ്ങള്‍ എന്നതിനപ്പുറം ജ്ഞാനോത്പാദന കേന്ദ്രങ്ങളായി ഉയര്‍ത്തുകയും, അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് സമൂഹത്തിന്റെ ഗുണത്തിനായി ഉപകരിക്കപ്പെടുകയും വേണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള നിര്‍മിതി ലക്ഷ്യമാക്കിയുള്ള നോളജ് ഇക്കോണമി എന്ന ആശയമാണ് ഇവിടെ സാധ്യമാക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018ലെയും 2019ലെയും പ്രളയക്കെടുതിയുടെ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചതും എസ്എസ്‌കെയുടെ പദ്ധതിയാക്കി മാറ്റിയതും. രാജ്യത്ത് ആദ്യമായി സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം എന്ന ബഹുമതിയും ഇതിലൂടെ കേരളം നേടുകയാണ്. വിദ്യാലയങ്ങളിലെ ഭൂമിശാസ്ത്ര അധ്യാപകരെയാണ് സ്റ്റേഷന്റെ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്. സൂക്ഷ്മ തലത്തില്‍ കാലാവസ്ഥ മനസിലാക്കാനും ഒരു പ്രത്യേക പ്രദേശത്തെ മാറ്റങ്ങള്‍ തിരിച്ചറിയാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ വിദ്യാഭ്യാസപരമായ ലക്ഷ്യം. ഭൂമിശാസ്ത്ര പഠനം കൂടുതല്‍ പ്രവര്‍ത്തനാധിഷ്ഠിതവും, ആകര്‍ഷകവും, ആഴമുള്ളതുമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുന്നു.
കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മര്‍ദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനില്‍ കുട്ടികള്‍ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റര്‍, വിന്‍ഡ് വെയ്ന്‍, വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, മോണിറ്റര്‍, വെതര്‍ ഡാറ്റാബുക്ക് തുടങ്ങി 13 ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ളത്.

പൊതുസമൂഹത്തിന് കൂടി ഗുണപ്രദമാകുന്ന വെതര്‍ സ്റ്റേഷനുകള്‍ പത്തനംതിട്ട ജില്ലയിലെ ആറു വിദ്യാലയങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്.
ജില്ലാതലത്തില്‍ ആദ്യം പ്രവര്‍ത്തനസജ്ജമാവുന്നത് അടൂരാണ്. മറ്റു വിദ്യാലയങ്ങളിലും വൈകാതെ വെതര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകും. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മറ്റും കൂടിവരുമ്പോള്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രാധാന്യമേറുകയാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിതെളിക്കുന്നതോടൊപ്പം, ജനോപകാരപ്രദമായ ഈ പദ്ധതി സാധ്യമാക്കാന്‍ മുന്നോട്ട് വന്ന സമഗ്രശിക്ഷാ കേരളയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അഭിനന്ദിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബി. ബാബു, ഗ്രാമപഞ്ചായത്തംഗം ശരത് ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സജി വറുഗീസ്, ഹെഡ്മാസ്റ്റര്‍ എ. മന്‍സൂര്‍, പിടിഎ പ്രസിഡന്റ് അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, അടൂര്‍ ബിപിസി റ്റി.സൗദാമിനി, അടൂര്‍ ബിആര്‍സി ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡി. യമുന, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ എ.എസ്. അശോക്, എസ്എംസി ചെയര്‍മാന്‍ കെ. ഹരിപ്രസാദ്, എംപിടിഎ പ്രസിഡന്റ് ജോബി രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് സുനില്‍ മൂലയില്‍, എസ്എംസി വൈസ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, ഡോ.എം. രതീഷ് കുമാര്‍, ആര്‍. ഷീജാകുമാരി, പി.ആര്‍. ഗിരീഷ്, പി. ഉഷ, കണിമോള്‍, ആര്‍. ദിലി കുമാര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ജി. രവീന്ദ്രക്കുറുപ്പ്, കെ. ഉദയന്‍പിള്ള, സ്‌കൂള്‍ ചെയര്‍മാന്‍ അഭയ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.