പത്തനംതിട്ട : ബൈക്കിലെത്തി കമിതാക്കൾ മാല പൊട്ടിച്ച കേസിൽ രക്ഷപെട്ട പ്രധാന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം പേരിങ്ങല മാരൂർതറ പടീറ്റതിൽ ഷാജഹാന്റെ മകൻ മുഹമ്മദ് അൻവർഷാ(24)യാണ് അടൂർ പോലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ സരിത(27)യെ സംഭവം നടന്ന ഉടനെതന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഏട്ടരയ്ക്ക് പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പൻ്റെ അഞ്ചു പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികൾ പൊട്ടിച്ചെടുത്തത്.
തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ തടഞ്ഞു വെക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പൊട്ടിച്ചെടുത്ത സ്വർണമാല സരിതയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അൻവർഷായെ നാട്ടുകാരും പോലീസും രാത്രി മുഴുവൻസ്ഥലത്തും പരിസരത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം, അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഊർജ്ജിതമായ അന്വേഷണത്തെതുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്തു. കായംകുളം കറ്റാനത്ത് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ രാത്രി പോലീസ് എത്തിയപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
പിന്നാലെ പാഞ്ഞ പോലീസ് സംഘം 40 കിലോമീറ്ററോളം പിന്തുടർന്ന ശേഷം കൈപ്പട്ടൂർ ജംഗ്ഷനു സമീപം വച്ച് സാഹസികമായി കീഴടക്കുകയായിരുന്നു. അടൂർ എസ്.ഐ എം മനീഷ്, സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, എം ആർ മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ചിൽ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഈ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.