പത്തനംതിട്ട : ജനവാസ മേഖലയിൽ കടന്ന് ജനങ്ങളെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തിൽനിന്നും പൊതുജനങ്ങളെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വനം വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപം കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്ന സംഭവം ജനങ്ങളിൽ ഭീതി ഉളവാക്കിയിരിക്കുകയാണ്.
റബ്ബർ കർഷകർക്ക് ടാപ്പ് ചെയ്യുന്നതിനോ കാർഷിക വൃത്തി ചെയ്യുന്നതിനോ കഴിയാതെ ജീവിതമാർഗ്ഗംതന്നെ ഇല്ലാതായിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്ന തീയതി അടുത്തതോടെ കുട്ടികളെ സ്കൂളുകളിലേക്ക് വിടുന്നതിന്റെ ഭയപ്പാടിലാണ് രക്ഷകർത്താക്കളെന്നും ഇതിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വനാതിർത്ഥിയിൽ സർക്കാർ സ്ഥാപിച്ചിട്ടുള്ള തകർന്ന സൗരോർജ്ജ വേലികൾ പുന:സ്ഥാപിക്കുവാനും കൂടുതൽ സ്ഥലങ്ങളിൽ അത് സ്ഥാപിക്കുവാനും നടപടി വേണമെന്ന് ഡി.സിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവൻ, സ്വത്ത്, കൃഷി എന്നിവ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.