പത്തനംതിട്ട : മുൻവിരോധം കാരണം വൃദ്ധദമ്പതിമാരെ ആക്രമിച്ച പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ എലിസബത്ത് ഫിലിപ്പി(63)നും, ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിലെ പ്രതി, കടയാർ തടിയിൽ ബി വില്ലയിൽ വീട്ടിൽ ബിജോ എബി ജോൺസ് (42) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 7.30 ന് ദമ്പതികളുടെ വീടിനുമുന്നിലാണ് സംഭവം. വീടിന് മുന്നിൽ പത്രം എടുക്കാൻ ചെന്ന എലിസബത്തിന്റെ ഭർത്താവിനെ, പ്രതി ടി ഷർട്ട് പൊക്കിക്കാണിച്ച് കളിയാക്കി. ഇത് ശ്രദ്ധിക്കാതെ പാൽ വാങ്ങാനായി പോയപ്പോൾ അസഭ്യം പറഞ്ഞുകൊണ്ട് ഇരുകവിളിലും അടിച്ചു.
തടസ്സം പിടിച്ചപ്പോഴാണ് എലിസബത്തിനു മർദ്ദനമേറ്റത്. വലത്തേ തോളിൽ അടിച്ചശേഷം പിടിച്ചുതള്ളിയപ്പോൾ താഴെ വീണ് കൈകാൽ മുട്ടുകൾ മുറിയുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർതൃസഹോദരനും കമ്പിവടികൊണ്ട് കൈകളിലും പുറത്തും മർദ്ദനമേറ്റു. തുടർന്ന്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട എലിസബത്തിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയെന്നോണം സ്റ്റേഷനിൽ പിടിച്ചുവച്ചയാൾ തന്നെയാണ് ഈ കേസിൽ പ്രതിയായ ബിജോ എന്ന് ബോധ്യപ്പെട്ടപ്പോൾ സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മർദ്ദനത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എസ് ഐ സുരേഷ്, എസ് സി പി ഓ മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.