പന്തളം : ചെയ്ത ജോലിയുടെ കൂലിചോദിച്ചതിന്റെ പേരിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര പറന്തൽ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പേൽ തമ്പിക്കുട്ടൻ(38) ആണ് കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികളായ പന്തളം തെക്കേക്കര തട്ടയിൽ പറപ്പെട്ടി പറപ്പെട്ടി കുറ്റിയിൽ വീട്ടിൽ ബിനു (34), പറന്തൽ മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതിൽ അനന്തു (28) എന്നിവരെ ഇന്ന് ഉച്ചയോടെ പറപ്പെട്ടിയിൽ നിന്നും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാമൂട് കനാൽ പാലത്തിൽ വച്ച് തമ്പിക്കുട്ടന് മർദ്ദനമേറ്റത്. വീടിനടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരികെ വരുംവഴി കനാൽ പാലത്തിന്റെ തിട്ടയിലിരുന്ന് പ്രതികൾ മദ്യപിക്കുന്നതുകണ്ടു. ജോലിചെയ്തതിന് കിട്ടാനുള്ള പണം ചോദിച്ചപ്പോൾ തടഞ്ഞുനിർത്തി ചീത്തവിളിച്ചുകൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആദ്യം ബിനു പാറക്കല്ലുകൊണ്ട് കണ്ണിന്റെ പുരികത്തിന്റെ താഴെ ശക്തിയായി ഇടിച്ച് മുറിവേല്പിച്ച് അസ്ഥിക്ക് പൊട്ടലുണ്ടാക്കി. രണ്ടാം പ്രതി അനന്തു പാറക്കല്ലുകൊണ്ട് തലയിലിടിച്ച് മുറിവുണ്ടാക്കുകയും അസ്ഥിക്ക് പൊട്ടൽ സംഭവിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന്, കൊടുമൺ പോലീസ് അവിടെയെത്തി തമ്പിക്കുട്ടന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലുള്ള സംഘം പറപ്പെട്ടിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീൺ, എസ്ഐ രതീഷ് കുമാർ, എസ് സി പി ഒ ശിവപ്രസാദ്, സിപിഓ മാരായ അജിത് കുമാർ , പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.