അടൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ സര്‍വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാട് തുടര്‍ ഭരണം സാധ്യമാക്കിയെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ചുള്ള കലാ ജാഥ പര്യടനത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ്ഓഫ് കര്‍മവും അടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, പശ്ചാത്തല സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തി.
കിഫ്ബി പദ്ധതിയിലൂടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി മുന്നേറി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പാവങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പിയ സര്‍ക്കാര്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, വീടില്ലാത്തവര്‍ക്ക് വീട്, വിദ്യാഭ്യാസ മേഖലയിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കി. അടൂരിന്റെ വികസനരംഗത്തും നേട്ടങ്ങള്‍ ഏറെയാണ്. അടൂര്‍ ഇരട്ടപ്പാലവും, കോടതി സമുച്ചയവും, കൊടുമണ്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയവും ഉള്‍പ്പെടെ വികസനനേട്ടങ്ങള്‍ നിര്‍വധിയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രചാരണ സംഘാടക സമിതി ചെയര്‍മാന്‍ ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സംഘടക സമിതി അംഗങ്ങളായ സുമേഷ് ഐശ്വര്യ, ഉഷാകുമാരി, ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പ്രസന്ന കുമാര്‍, റിട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തളത്ത് കലാജാഥ നഗര സഭാചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി. കെ. സതി, അംബിക രാജേഷ്, ശോഭന കുമാരി, എസ്. അരുണ്‍, ഷെഫിന്‍ രജീബ് ഖാന്‍, പുഷ്പലത, സുപ്രണ്ട് ഗിരിജ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരിയില്‍ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസ്ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ് കലാജാഥ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു.
കലാ ജാഥയ്ക്കു മികവേകി ഡെപ്യൂട്ടി സ്പീക്കറുടെ നാടന്‍ പാട്ട്
ചിരപരിചിതമായ സ്വരത്തില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ കേട്ട് ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ളവരും, യാത്രക്കാരും ഓടി ഏത്തി. ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞവര്‍ അത്ഭുതംപ്പെട്ടൂ. ഒപ്പം ആകാംഷയും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കലാ ജാഥാ ഉദ്ഘാടനം നിര്‍വഹിച്ചത് നാടന്‍ പാട്ട് പാടിയാണ്. കാണികള്‍ കയ്യടിച്ചു പ്രോത്സാഹനം നല്‍കി.
ഡെപ്യൂട്ടി സ്പീക്കറുടെ നാടന്‍ പാട്ട് വര്‍ണ്ണാഭമായ കലാ ജാഥയ്ക്കു മാറ്റ് കൂട്ടി. ഭരണ തിരക്കിനിടയിലും കലാഭിരുചി മനസില്‍ മായാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നാടന്‍ പാട്ട്. തുടര്‍ന്ന് കലാ ജാഥാ സംഘവും നാടന്‍ പാട്ട് അവതരിപ്പിച്ച് പ്രചാരണം കൊഴുപ്പിച്ചു.