തിരുവല്ല :
കുമ്പനാട് കരോൾ സംഘത്തിനുനേരെ ഇന്നലെ നടന്ന അതിക്രൂരമായ ആക്രമണം മാപ്പ്
അർഹിക്കാത്തതാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കരോൾ സംഘത്തെയാണ് അതിക്രൂരമായി മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചത്. ഇവരിൽ ആറുപേർ മാത്രമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും എംപി പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കുമ്പനാട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമവും ഐക്യദാർഢ്യ കരോൾ സർവീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും സ്വൈര്യമായി വഴി നടക്കാൻ കഴിയാത്ത വിധം ഇവരുടെ അതിക്രമങ്ങൾ പടരുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നത്. സമൂഹത്തെ ആകെ ഞെട്ടിച്ച അതിക്രൂരമായ ആക്രമണമാണ് ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ നടന്നത്. ഈ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു പ്രതിയും രക്ഷപ്പെട്ടു പോകാൻ അനുവദിക്കുകയില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻവേണ്ട എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ആൻ്റോ ആൻ്റണി എംപി പറഞ്ഞു.
പാസ്റ്റർ ജിജി ചാക്കോ തേക്ക് തോട്, പാസ്റ്റർ തോമസ് എം പുളിവേലിൽ, പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ബിനോയി ചാക്കോ എന്നിവർ ഐക്യദാർഢ്യ കരോൾ സർവീസിൽ പങ്കെടുത്തു.