പത്തനംതിട്ട : ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ പോയ മൂന്നുപേരെ പൊലീസ് പിടികൂടി. വെട്ടിപ്രം സുബല പാർക്കിന് സമീപത്തുനിന്നും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കടമ്മനിട്ട കുടിലുകുഴി സ്വദേശി
സ്വാദിഷ് മോഹൻ ( 36 ), കുലശേഖരപതി സ്വദേശി ഹാഷിം( 35), ഓമല്ലൂർ വേട്ടക്കുളത്ത് മനോജ്( 58) എന്നിവരാണ് അറസ്റ്റിലായത്.
ഓട്ടോറിക്ഷയിൽ നിന്നും ഒരു കിലോ 700 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിനു സമീപം തെങ്ങുംതോട്ടത്തിൽ ശോശാമ്മ ഗീവർഗീസിന്റെ ഉടമസ്ഥതയിലുള്ള വീട്, ബന്ധുവായ സൈമൺ അലക്സ് ആസാം സ്വദേശി ഷാഹിൽ എന്ന കോൺട്രാക്ടർക്ക്, ഇയാളുടെ ജോലിക്കാർക്ക് താമസിക്കാനായി അഞ്ച് മാസം മുൻപ് വാടകയ്ക്ക് നൽകിയിരുന്നു. ഷാഹിലിന്റെ ജോലിക്കാരായ അബ്ദുൽ അലി (29 ), ഹസ്ബീനാ (24 ) എന്നിവരുൾപ്പെടെ നാലോളം ഇതര സംസ്ഥാന കുടുംബങ്ങൾ ഇവിടെ താമസമുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് സ്വാദിഷ് മോഹനും കൂട്ടാളികളും ഇവിടെയെത്തി ഇവരുമായി വഴക്കുണ്ടാക്കി. തുടർന്ന്, അബ്ദുൽ അലിയെയും ഹസ്ബീനെയും കമ്പിവടികൊണ്ട് ഉപദ്രവിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിവരവേ ഇന്ന് രാവിലെ സുബല പാർക്കിന് സമീപം വെച്ച് ഇവരെ ഓട്ടോറിക്ഷയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.