പത്തനംതിട്ട: ചിറ്റാര്‍ പാമ്പിനിയില്‍ ബൈക്ക് യാത്രക്കാരന് കടുവയുടെ മുന്നില്‍പ്പെട്ടു. പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു ചിറ്റാര്‍ ചരിവുപുരയിടത്തില്‍ നിസാറാ(45)ണ് ഞായറാഴ്ച രാത്രി ജനവാസ മേഖലയായ പാമ്പിനിയില്‍ കടുവയെ കണ്ടതായി പറയുന്നത്. പാമ്പിനി പമ്പ് ഹൗസിനു സമീപം രാത്രി പത്തോടെയാണ് സംഭവം. ചിറ്റാര്‍ ഹിദായത്തുള്‍ ഇസ്ലാം ജമാഅത്ത് പള്ളിയില്‍നിന്നു പാമ്പിനിയിലുള്ള വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് നിസാര്‍ കടുവയെ കണ്ടത്. പമ്പ് ഹൗസിനടുത്തെത്തിയപ്പോള്‍ റോഡിനു കുറുകെ കടുവ എത്തുകയായിരുന്നു. ഭയന്നുപോയ നിസാര്‍ ഉറക്കെ വിളിച്ചുകൂവിയതോടെ തൊട്ടടുത്ത പാമ്പിനി കോളനി പ്രദേശത്തേക്ക് ഇതു കയറിപ്പോയി. വിളി കേട്ട് ഓടിയെത്തിയ മറ്റുള്ളവരും കടുവയുടെ രൂപ സാദൃശ്യമുള്ള മൃഗത്തെ കണ്ടതായി പറയുന്നു.
വനപാലകരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാത്രിയില്‍ തന്നെ അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് വനപാലകര്‍ പറഞ്ഞു. പരിശോധന ഇന്നലെയും തുടർന്നു. വള്ളിപ്പുലി അടക്കമുള്ളവയുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ടായെങ്കിലും കടുവയെ ഇതാദ്യമായാണ് കാണുന്നത്.
എന്നാല്‍ കടുവയാണെന്നു സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ചിറ്റാര്‍ കാരിക്കയം ഭാഗത്തു കടുവയെ കണ്ടിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഒരു വീടിന്റെ സിറ്റൗട്ട് വരെ എത്തിയിരുന്നു. ജനവാസ മേഖലയിലേക്കു വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രദേശത്തു ഭീതി വർധിപ്പിച്ചിരിക്കുകയാണ്.
പത്തനംതിട്ട ചിറ്റാർ ജനവാസ മേഖലയിൽ കടുവ : നിസ്കാരം കഴിഞ്ഞ് മടങ്ങിയ ബൈക്ക് യാത്രക്കാരൻ കടുവയുടെ മുന്നിൽ പെട്ടു : രക്ഷപെട്ടത് അത്ഭുതകരമായി
Advertisements