റാന്നി : കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍ മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ മെയ് 22 തിങ്കളാഴ്ച ആരംഭിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വന്യമൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പ് അധികൃതരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ തോട്ടങ്ങള്‍ കാടെടുക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. ഏറ്റവും പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും.
കൂടാതെ കോട്ടമല എസ്റ്റേറ്റ് , ഗോവ എസ്റ്റേറ്റ്, കാര്‍മ്മല്‍, ബഥനി എന്നിവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാട് തെളിക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ സമിതി ചേരണമെന്നും പ്രദേശവാസികള്‍ക്ക് സമാധാനപരമായ ജീവിതം ഒരുക്കണമെങ്കില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാട് തെളിക്കല്‍ നടക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പൊലീസിന്റെ കൂടുതല്‍ ഫോഴ്സിന്റെ സഹായം ഉറപ്പാക്കുമെന്നും കടുവ ഭീഷണിയുള്ള മേഖലകളില്‍ പശുക്കളെ അഴിച്ചുവിടുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വടശേരിക്കരയിലെ കാട്ടാന ശല്യം നേരിടുന്നതിനായി അടിയന്തര പ്രാധാന്യത്തോടെ തിങ്കളാഴ്ച മുതല്‍ പേഴുംപാറ -ചിറക്കല്‍, ബൗണ്ടറി ഭാഗത്ത് രണ്ട് കി.മീ ദൂരത്തില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാര്‍ശര്‍മ്മ അറിയിച്ചു.
വടശേരിക്കര ടൗണിനോട് ഏറ്റവും അടുത്തുള്ള ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് കാട്ടാന വരാനുള്ള സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി രണ്ടു കിലോമീറ്റര്‍ ദൂരം സോളാര്‍ വേലി ഇപ്പോള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ , തഹസീല്‍ദാര്‍ പി.ഡി സുരേഷ് കുമാര്‍, ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.