രഹസ്യാന്വേഷണ വിഭാഗം പോലീസുദ്യോഗസ്ഥന്റെ സമയോചിത നീക്കം: വലയിലായത് കുപ്രസിദ്ധ അമ്പലമോഷ്ടാവ്

തിരുവല്ല : മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ അമ്പലമോഷ്ടാവ് ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയിൽ വീട്ടിൽ യോഹന്നാന്റെ മകൻ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി(52)യെ റിമാൻഡ് ചെയ്തു. നിരന്തരം മോഷണം നടത്തി സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിയായിട്ടുള്ള മാത്തുക്കുട്ടി ഒളിവിൽ കഴിഞ്ഞുവന്നതിനാൽ സമീപകാലത്തെങ്ങും പോലീസ് പിടിയിലായിട്ടില്ല . ഈവർഷം എടത്വ പോലീസ് സ്റ്റേഷനിൽ രണ്ട് മോഷണക്കേസിൽ പ്രതിയായ ഇയാൾ ചോറ്റാനിക്കര ക്ഷേത്രത്തിലെ വഞ്ചി പൊളിച്ചതാണ് ഏറ്റവും ഒടുവിലെ കേസ്.

Advertisements

നേരത്തെ ചങ്ങനാശ്ശേരി, തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ചോറ്റാനിക്കര കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ച് അപഹരിച്ച പണം പ്ലാസ്റ്റിക് ചാക്കിലാക്കി ട്രെയിനിലും ബസിലും ഓട്ടോയിലുമായി കോഴഞ്ചേരിയിലെത്തിയ മോഷ്ടാവ് , കുടുങ്ങിയതിൽ നിർണായകമായത് തിരുവല്ലയിലെ രഹസ്യാന്വേഷണവിഭാഗം പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ നീക്കമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് രാജിന്റെ ഫോണിലേക്ക് ഇന്നലെ രാവിലെ 8.50 ന് വന്ന കാൾ ആണ് വിദഗ്ദ്ധനായ അമ്പലമോഷ്ടാവ് മാത്തുകുട്ടിയെ കുടുക്കിയതിൽ നിർണായകമായത്. ചാക്കുനിറയെ നോട്ടുകെട്ടുമായി ഒരാൾ ബസിൽ കയറിപ്പോയി സർ . ഇതാണ് സജിത്ത് രാജിന്റെ ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. സ്വകാര്യ ബസിലായിരുന്നു അപ്പോൾ കള്ളന്റെ യാത്ര. ബസ്സുകാരുമായി സജിത്ത് സംസാരിച്ചപ്പോൾ മോഷ്ടാവ് തോട്ടഭാഗത്ത് ഇറങ്ങിയതായി അറിഞ്ഞു.

അന്വേഷിച്ചപ്പോൾ പ്ലാസ്റ്റിക് ചാക്കുമായി തോട്ടഭാഗത്ത് വെയിറ്റിംഗ് ഷെഡിൽ നിൽക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, തിരുവല്ല ഡിവൈഎസ്പിയെ അറിയിച്ചു. ഡി വൈ എസ് പി എസ് അഷദിന്റെ നിർദേശപ്രകാരം, തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി, വിവരം ഇതര സ്റ്റേഷനുകൾക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ മോഷ്ടാവ് സ്വകാര്യബസിൽ തിരുവല്ലക്ക് പോയതായി അറിഞ്ഞ് സജിത്ത് രാജ് ബൈക്കിൽ പിന്തുടർന്നു. തിരുവല്ലയിൽ ഡി വൈ എസ് പി ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധിച്ചപ്പോൾ മാത്തുക്കുട്ടി മനയ്ക്കച്ചിറ ജംഗ്ഷനിൽ ഇറങ്ങി എന്ന് വ്യക്തമായി.

ലോക്കൽ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ, സജിത്ത് രാജും കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിൽ പങ്കാളിയായി. മനയ്ക്കച്ചിറയിൽ നടത്തിയ അന്വേഷണത്തിൽ കള്ളൻ അവിടെ നിന്ന് ഓട്ടോ പിടിച്ച് കോഴഞ്ചേരി ജംഗ്ഷനിൽ ഇറങ്ങിയതായി അറിഞ്ഞു. വിവരം ഡി വൈ എസ് പി ആറൻമുള പോലീസ് സ്റ്റേഷനിലും മറ്റും കൈമാറി. തുടർന്ന് ആറന്മുള പോലീസ് നടത്തിയ ചടുലവും തന്ത്രപരവുമായ നീക്കത്തിലാണ് അമ്പലവഞ്ചിമോഷ്ടാവ് പോലീസ് വലയിൽ കുടുങ്ങിയത്.

കോഴഞ്ചേരിയിലെ ചലഞ്ച് ഫുട് വിയേഴ്‌സിൽ നിന്നും വാങ്ങിയ കറുത്ത ബാഗിലേക്ക്, ചന്തക്കടവ് റോഡിൽ നിന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി മാറ്റുന്ന സമയത്താണ് ആറന്മുള പോലീസ് വളഞ്ഞത്. അപകടം മനസ്സിലാക്കിയ മോഷ്ടാവ് ചാക്ക് ഉപേക്ഷിച്ച ശേഷം പോലീസിനെ വെട്ടിച്ച് പമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മറുകരയെത്തി കള്ളനെ കീഴ്പ്പെടുത്തിയതോടെ ആകാംഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങൾക്ക് സമാപ്തിയായി.

ചാക്കിൽ നിന്നും കറൻസി നോട്ടുകളും നാണയങ്ങളും കൂടാതെ രണ്ട് മഞ്ഞ ലോഹക്കട്ടകൾ, വെള്ളി നാഗരൂപത്തിലുള്ള തകിട്, സ്വർണ നിറത്തിലുള്ള ദേവീരൂപം പതിച്ച ലോക്കറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. കോഴഞ്ചേരിയിൽ നിന്നു വാങ്ങിയ ബാഗിൽ മുഷിഞ്ഞ തുണികളാണ് ഉണ്ടായിരുന്നത്.
അഞ്ചുവരെ മാത്രം പഠിച്ച മാത്തുക്കുട്ടിയുടെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച മാത്തുക്കുട്ടി വീട്ടിൽ പോകാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമാണ് ഉറക്കം. അമ്പലങ്ങളിലെ വഞ്ചികൾ മാത്രമാണ് പൊളിക്കാറുള്ളതെന്നും, കിട്ടുന്ന പണം മദ്യപിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുമെന്നും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ആലപ്പുഴ സബ് ജയിലിൽ മൂന്ന് വർഷവും, പത്തനംതിട്ട സബ് ജയിലിൽ ഒരു വർഷത്തോളവും റിമാൻഡിൽ കഴിഞ്ഞു. ഒടുവിൽ ജയിൽ വാസം കഴിഞ്ഞിറങ്ങിയത് 2021 ലാണ്. ശേഷം ചാലക്കുടിക്ക് പോയി, തുടർന്ന് ഷൊർണൂരെത്തി അവിടെ ഹോട്ടൽ പണിചെയ്തു. പിന്നീടാണ് അവിടെ ബസ് സ്റ്റാന്റിനടുത്തുള്ള ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ച് പണം കവർന്നത്. ജയിലിൽ നിന്നിറങ്ങിയശേഷം പിടിക്കപ്പെടാതെ മോഷണം തുടർന്ന കാണിക്കവഞ്ചി മോഷ്ടാവ്, കാലങ്ങൾക്ക് ശേഷം വലയിൽ കുരുങ്ങിയതിലൊരു നിമിത്തമായ അഭിമാനത്തിലാണ് സജിത്ത് രാജ് എന്ന പോലീസ് ഉദ്യോഗസ്ഥൻ.

ആറന്മുള പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റങ്ങൾ സമ്മതിച്ച മാത്തുകുട്ടിയെ ഇന്നലെ തന്നെ ചോറ്റാനിക്കര കുരിക്കാട് ക്ഷേത്രത്തിലെ വഞ്ചി പൊളിച്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ വഞ്ചിപൊളിച്ചത്. അവിടുത്തെ ദേവസ്വം ഓഫീസറുടെ മൊഴിവാങ്ങി ചോറ്റാനിക്കര പോലീസ് കേസ് എടുത്തിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ, കമ്പിപ്പാര തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ആറന്മുള പോലീസ് കണ്ടെടുത്തു. പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ എസ് ഐമാരായ അലോഷ്യസ്സ്, സന്തോഷ് കുമാർ, എ എസ് ഐ മാരായ നെപോളിയൻ, അജി, എസ് സി പി ഓ നാസർ, സി പി ഓമാരായ രാജാഗോപാൽ, ഫൈസൽ, ബിനു ഡാനിയേൽ, ഹോം ഗാർഡ് അനിൽ എന്നിവരാണുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.