തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവം സി.കേശവൻ മേഖലാതല മത്സരങ്ങൾ നവംബർ 26 ഞായറാഴ്ച പെരിങ്ങര 594-ാം നമ്പർ ഗുരുവാണീശ്വരം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് ഭദ്രദീപ പ്രകാശനം. തുടർന്ന് രജിസ്‌ട്രേഷൻ. 9.30ന് എസ് എൻ ഡി പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ കലോത്സവം ഉദ്‌ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സംഘടനാ സന്ദേശം നൽകും. യോഗം അസി. സെക്രട്ടറി പി എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റ് കെ ജി ബിജു, കൗൺസിലർ രാജേഷ് മേപ്രാൽ, ശാഖാ പ്രസിഡന്റ് വി എൻ ദേവരാജൻ, സെക്രട്ടറി സുധീഷ് ഡി എന്നിവർ സംസാരിക്കും. 10 മുതൽ ഗുരുദേവ കൃതികളുടെ ആലാപനം, ഉപന്യാസം, പ്രസംഗം, കവിതാരചന, ക്വിസ്, ഗുരുദേവകൃതി വ്യാഖ്യാനം, മിമിക്രി, മോണോആക്ട്, പ്രച്ഛന്നവേഷം, ഒപ്പന, സിനിമാറ്റിക് ഡാൻസ് സിംഗിൾ, ഗ്രൂപ്പ്, ലളിതഗാനം, സംഘഗാനം, പദ്യപാരായണം, നൃത്താവിഷ്‌കാരം സിംഗിൾ, ഗ്രൂപ്പ് എന്നീ മത്സരങ്ങൾ നടക്കും. നെടുമ്പ്രം, പെരിങ്ങര, ചാത്തങ്കരി, പെരിങ്ങര ഈസ്റ്റ്, കുഴുവേലിപ്പുറം, മേപ്രാൽ, കുഴുവേലിപ്പുറം സൗത്ത്, പൊടിയാടി എന്നീ ശാഖകളിലെ കുട്ടികളാണ് കലാമത്സരങ്ങളിൽ പങ്കെടുക്കുക. കലോത്സവ നഗറിൽ സൗജന്യ നേത്ര പരിശോധന ഉണ്ടായിരിക്കും.