അടൂർ : എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024ന് അകം കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജലജീവന്‍ മിഷന്റെ ഭാഗമായി കടമ്പനാട് പഞ്ചായത്തില്‍ വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
46.643 കോടി രൂപയുടെ ഭരണാനുമതിയും 29.86 കോടി രൂപയുടെ സാങ്കേതിക അനുമതിയും ആണ് ഇതിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 4530 വാട്ടര്‍ കണക്ഷനുകളും 148.875 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികളും ഉള്‍പ്പെടും. ഒപ്പം പ്രവര്‍ത്തനശേഷി കൂടിയ രണ്ട് പമ്പ് സെറ്റുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തികളും കരാര്‍ ആക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ കടമ്പനാട് പഞ്ചായത്തില്‍ പൈപ്പ് ലൈനുകള്‍ ഇല്ലാത്ത പ്രദേശത്ത് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചും ഒപ്പം പൈപ്പ് ലൈനുകള്‍ ദീര്‍ഘിപ്പിച്ചും പ്രവര്‍ത്തനശേഷി കൂടിയ പമ്പ് സെറ്റുകള്‍ സ്ഥാപിച്ചും ജലവിതരണം സുഗമമാക്കിയിട്ടുണ്ട്.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനും ഒപ്പം വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഉള്ള രീതിയിലാണ് ജലജീവന്‍ മിഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാലാംമയില്‍, മലങ്കാവ് എന്നിവിടങ്ങളില്‍ അഞ്ചു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നത ജലസംഭരണികളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, റ്റി. തുളസീധരന്‍, സിന്ധു ദിലീപ്, നെല്‍സണ്‍ ജോയിസ്, വൈ. ലിന്റോ, പ്രസന്നകുമാരി, എസ്. സിന്ധു, വിഷ്ണു, പ്രദീപ് ചന്ദ്രന്‍, ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.