പന്തളം : കുടുംബശ്രീ സംസ്ഥാന മിഷൻ അയൽക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിലേക്ക് ആവേശത്തോടെ എത്തി ജില്ലയിലെ ഏക ട്രാൻസ്ജെൻഡർ അയൽക്കൂട്ടവും. പന്തളം സി ഡി എസ് പരിധിയിൽ ഉൾപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടത്തിലെ 14 അംഗങ്ങൾ ആണ് ഇന്ന് കുളനട സ്കൂളിൽ നടത്തിയ ക്ലാസ്സുകളിൽ പങ്കെടുത്തത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ക്ലാസ്സിൽ പങ്കെടുത്തത് എന്ന് അവർ പറഞ്ഞു. സർക്കാരും കുടുംബശ്രീയും ന്യൂന പക്ഷങ്ങളെ ചേർത്തു നിർത്തി ചെയ്യുന്ന ഇത്തരം പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ഞങ്ങൾക്കുള്ള അംഗീകാരം ആണെന്നും അവർ പറഞ്ഞു.
ജില്ലയിൽ തിരികെ സ്കൂളിൽ ക്യാമ്പയിൽ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ പകുതിയിലധികം കുടുംബശ്രീ അംഗങ്ങളെയും ക്യാമ്പയിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.100% അയൽക്കൂട്ടങ്ങളെയും അംഗങ്ങളെയും പങ്കെടുപ്പിച്ച സി ഡി എസ് ഭരണ സമിതികളും ജില്ലയിൽ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണമാണ് ഈ ക്യാമ്പയിൻ ഭംഗിയായി നടത്താൻ കഴിയുന്നത്. സംഘടന ശക്തിപ്പെടുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യ -സാംസ്കാരിക -സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റമാണ് ഉണ്ടാക്കാൻ കഴിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം വെച്ച് കൊണ്ട് ആരംഭിച്ച പ്രസ്ഥാനം 25 വർഷങ്ങൾ പിന്നിടുമ്പോൾ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് മുന്നോട്ട് പോകാൻ കുടുംബശ്രീക്ക് കഴിയുന്നുണ്ട്. ബാലസഭയും, ഓക്സിലറി ഗ്രൂപ്പുകളും ഡിജിറ്റൽ കാലവും കണക്കെഴുത്തും എല്ലാം ക്ലാസ്സുകളിൽ പഠന വിഷയമായുണ്ട്. ഡിസംബർ ആദ്യ വാരത്തോടെ മുഴുവൻ അയൽക്കൂട്ടങ്ങളെയും അംഗങ്ങളെയും തിരികെ സ്കൂളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ മിഷൻ ഉദ്യോഗസ്ഥരും സി ഡി എസ് ഭരണ സമിതികളും.