തിരുവല്ല : കലോത്സവ വേദികൾ ആഘോഷത്തിന്റെ വേദിയാക്കി മാറ്റണം എന്നും കലാപ വേദിയാക്കി മാറ്റരുത് എന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. തിരുമൂലപുരത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലോത്സവത്തിൽ കുട്ടികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നത് അല്ല പ്രധാനം. അവരുടെ അവതരണമാണ്. കലോത്സവങ്ങൾ വഴി കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആർദ്രതയുള്ള ഹൃദയം ഉള്ളവരാണ് കലാകാരൻമാരും കലാ കാരികളും. ശാസ്ത്രീയമായ കലകളുടെ അഭ്യാസം ബൗദ്ധിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇഷ്ടമുണ്ടായിട്ടും വരാൻ കഴിയാതെ പോയ ഒട്ടേറെ കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ് ജില്ലാ സ്കൂൾ കാലോത്സവങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. മാത്യു ടി തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ്, പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ അനില ബി ആർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ, തിരുവല്ല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, തിരുവല്ല വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീബ കരിമ്പുംകാല, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു ജേക്കബ്, സജി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.