തിരുവല്ല :
എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. കലാവാസന വളർത്തുന്നതിലൂടെ ആരോഗ്യവും ബുദ്ധിവികാസവും ഓർമ്മശക്തിയും ശരീരത്തിന് ആയാസവുമൊക്കെ കൈവരും. കലാസൃഷ്ടികൾക്കൊപ്പം പഠനത്തിൽ നല്ല മികവ് പുലർത്താനും സാധിക്കും. കലാകാരന്മാരെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്ത വെള്ളാപ്പള്ളി നടേശനെ തിരുവല്ല യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരം റോസാപ്പൂക്കൾ കൊണ്ടുള്ള മാലയിട്ട് ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം പറഞ്ഞു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി എസ് വിജയൻ സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ വൈസ് പ്രസിഡന്റ് കെ ജി ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ കെ രവി, കെ എൻ രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം പി ബിനുമോൻ, സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു.