തിരുവല്ല : സാധാരണക്കാരായ കുട്ടികളും ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി പഠിച്ച് വളര്‍ന്നു വരുന്ന സാഹചര്യം ഉണ്ടാകണം എന്നതാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം കുറ്റൂര്‍ ഗവ. എച്ച്എസ്എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വളരെ വേഗം വൈജ്ഞാനിക സമൂഹത്തിലേക്ക് നാം മാറുകയാണ്. വിജ്ഞാനം മൂലധനം ആകുന്ന കാലഘട്ടത്തില്‍ വിവസാങ്കേതികവിദ്യയുടെ സങ്കേതം സാധാരണക്കാരന്റെ കുട്ടികള്‍ക്കും ലഭ്യമാക്കി അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകണം.
വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇന്റര്‍നെറ്റ് പ്രാപ്തമാക്കി കൊടുക്കാതിരുന്നാല്‍ നാളെ മുഖ്യധാരയില്‍ നിന്ന് അവര്‍ പിന്തള്ളപെട്ട് പോകും എന്ന തിരിച്ചറിവ് ഉണ്ടാകണം.
ഈ കാലഘട്ടത്തിലെ അനിവാര്യമായ ഒരു വിപ്ലവമാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത. കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോള്‍ ഓരോ കുടുംബത്തിനും ജീവിത നിലവാരം ഉയരുകയും സാമൂഹിക മാറ്റത്തിനും വികസനത്തിനും നാന്ദികുറിക്കാനും സാധിക്കണം.
ഓഫീസ് സംവിധാനങ്ങള്‍, ഇടപാടുകള്‍ എല്ലാം ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന കാലത്തേക്ക് അതിവേഗം അടുക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില ആളുകള്‍ മാത്രം ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുകയും സാധരണക്കാരായവര്‍ ഇതില്‍ നിന്നും വേര്‍പെട്ട് പോകുന്ന അവസ്ഥയായ ഡിജിറ്റല്‍ വിടവ് മറി കടക്കുന്നതിനാണ് കെഫോണ്‍ പദ്ധതി കൊണ്ടുവരുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ് അനിവാര്യമാണ്. എല്ലാ വിഭാഗം ആളുകളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വിവര സാങ്കേതികവിദ്യ വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യം വയ്ക്കുമ്പോള്‍ സാമൂഹിക പുരോഗതിയെ സഹായിക്കുന്ന ഒരു സാങ്കേതിക മുന്നേറ്റമായി പദ്ധതിയെ പരിഗണിക്കാം.
ഇന്റര്‍നെറ്റ് ഉപയോഗം പൗരാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ സുരക്ഷിതവും വിശ്വാസനീയവും ഇനിയും വിപുലീകരിക്കാവുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും മറ്റ് സംവിധാനങ്ങളും ഒരുക്കി ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ വീടുകളിലും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ 2017ല്‍ പ്രഖ്യാപിച്ച പദ്ധതി മുന്നോട്ട് പോയത് അതേ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിനാല്‍ ആണെന്നും എംഎല്‍എ പറഞ്ഞു.
ഐകെഎം നോഡല്‍ ഓഫീസര്‍ കെ. ബിനുമോന്‍ പദ്ധതി അവതരിപ്പിച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ 236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കെ ഫോണ്‍ പദ്ധതി ലഭ്യമാക്കി.
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സഞ്ചു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. കെ. ലതാകുമാരി, പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. വത്സല, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി, ജനതാദള്‍(എസ്) പ്രതിനിധി പ്രൊഫ. അലക്‌സാണ്ടര്‍ കെ.ശാമുവേല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡംഗം അഡ്വ. വി.ആര്‍. സുധീഷ്, സിപിഎം എല്‍. സി സെക്രട്ടറി വിശാഖ് കുമാര്‍, ആസൂത്രണസമിതി ചെയര്‍മാന്‍ അനൂപ് അബ്രഹാം, തിരുവല്ല തഹസില്‍ദാര്‍ പി.എ. സുനില്‍, കെഎസ്ഇബി അസി. എക്‌സി. എഞ്ചിനീയര്‍ എം.കെ. പ്രസീദ, കുറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.