തിരുവല്ല :
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ കിടന്ന ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം മാമനേത്ത് വീട്ടിൽ ജെബിൻ പോൾ ( 34 )ആണ് അറസ്റ്റിലായത്. രാത്രി 10. 15 നാണ് ഇയാൾ ബസ് ഓടിച്ചുപോകാൻ ശ്രമിച്ചത്. സ്റ്റേഷൻ മാസ്റ്റർ പി കെ സുരേഷിന്റെ മൊഴിപ്രകാരം തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐമാരായ പി എസ് സനിൽ, അനൂപ്, ഹരികൃഷ്ണൻ, സിപിഓ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കെ എസ് ആർ ടി സി ജീവനക്കാരും മറ്റും ചേർന്ന് തടഞ്ഞുവച്ച ശേഷം തിരുവല്ല പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐ പി എസ് സനിലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബസ് മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതിനു കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്തതിനെതുടർന്ന് യുവാവ് കുറ്റം സമ്മതിച്ചു, ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ഇയാൾ കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.