തിരുവല്ല : കുന്നന്താനത്തെ പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി ശുചിത്വ ക്യാമ്പയിന് ഏറ്റവും ഊർജ്ജം പകരുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും സംയുക്തമായി 8 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാസ്റ്റിക് പാഴ് വസ്തു സംസ്കരണ ഫാക്ടറി ഗ്രീൻ പാർക്ക് കുന്നന്താനം കിൻഫ്ര പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വത്തിനായുള്ള വലിയ ജനകീയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ മാർച്ച് 30 ഓടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കുന്നന്താനത്തെ ഫാക്ടറി സംസ്ഥാനത്തിന് മാതൃകയാണ്. നിർമ്മാണത്തിന് നേതൃത്വം വഹിച്ച ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും അഭിനന്ദനം അർഹിക്കുന്നു.
ബ്രഹ്മപുരത്ത് 100 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ജൈവ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാൻറ് മാർച്ചിൽ പ്രവർത്തനമാരംഭിക്കുമെന്നും ഇതേ മാതൃകയിൽ തിരുവനന്തപുരത്തും കോഴിക്കോടും പ്ലാന്റുകൾ താമസമില്ലാതെ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ മുക്ത ജില്ലയെന്ന് സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണ് കുന്നന്താനത്ത് സ്ഥാപിച്ച സംസ്കരണശാല എന്ന് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി വീണാ ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി രാജപ്പൻ അധ്യക്ഷയായി. മാത്യു റ്റി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീനാ പ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജിജി മാത്യു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ലതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോർജ് എബ്രഹാം, സാറാ തോമസ് , പത്തനംതിട്ട നഗരസഭ അധ്യക്ഷൻ ടി സക്കീർ ഹുസൈൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ തുളസീധരൻ പിള്ള, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബു, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി രാജു, മുൻ എംഎൽഎ രാജു എബ്രഹാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ജനറൽ കൺവീനറുമായ ഓമല്ലൂർ ശങ്കരൻ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജികെ സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർല ബീഗം, ജില്ലാ പ്ലാനിങ് ഓഫീസർ എ എസ് മായ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി എൻ അനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എസ് ഹഖ്, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ ആദില, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എംബി ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.