തിരുവല്ല :
സെപ്റ്റംബർ 4 ന് നടക്കുന്ന ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി മധ്യ തിരുവിതാംകൂർ ഉത്സവമായ കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കും. കുട്ടനാട് പൂരത്തിന്റെ കാൽനാട്ട് കർമ്മം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് നിർവഹിച്ചു. പമ്പജലമേള ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ചെറിയാൻ കുരുവിള അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, വർക്കിംഗ് പ്രസിഡൻറ് വിക്ടർ ടി തോമസ്, ചീഫ് കോഡിനേറ്റർ ഡോ. സജി പോത്തൻ, സെക്രട്ടറി പുന്നൂസ് ജോസഫ്, ജോയ് ആറ്റുമാലിൽ, ഷിബു വി വർക്കി, റെജി വേങ്ങൽ, അനിൽ സി ഉഷസ്, വി ആർ രാജേഷ്, പി.സി. രാജു, അജി തമ്പാൻ, റോഷിൻ ശർമ ബിനു പട്ടടപറമ്പിൽ, വിനയൻ കവിയൂർ, രാജേഷ് മുത്തൂർ എന്നിവർ പ്രസംഗിച്ചു.
പൂരം ആഘോഷങ്ങളുടെ ഭാഗമായി കാർഷിക സെമിനാറും കാർഷിക പ്രദർശനവും കുട്ടനാട്, അപ്പർ കുട്ടനാട്, ലോവർ കുട്ടനാട് കാർഷിക മേഖലയിലെ കർഷകരുടെ കൂട്ടായ്മയും, വിവിധ വിഷയങ്ങളിലെ സെമിനാറുകളും സിമ്പോസിയവും എല്ലാ ദിവസങ്ങളിലും മേളയിൽ ഉണ്ടായിരിക്കും. സ്ഥിര പ്രദർശനവും നടക്കും. ഇതോടൊപ്പം കന്നുകാലി പ്രദർശനവും, പെറ്റ് ഷോ, ഡോഗ് ഷോയും നടത്തും . എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യയും, വിവിധ മാധ്യമങ്ങളുടെയും ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. കാർഡ്, കൃഷി വിജ്ഞാന കേന്ദ്രം, റേഡിയോ മാക്ഫാസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പൂരം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടനാടിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും നാട്ടിൻപുറ കലാരൂപങ്ങളും പൂരം ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. പ്രാദേശിക ജനങ്ങളും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന
കുട്ടനാട് പൂരം തിരുവല്ലയ്ക്ക് ഒരു വലിയ കാർഷിക സാംസ്കാരിക ഉത്സവമായി മാറും എന്ന് പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ലിനു വർഗീസ് വട്ടംപറമ്പിൽ ചെയർമാൻ അജി തമ്പാൻ, കോർഡിനേറ്റർമാരയ വി.ആർ. രാജേഷ്, റോഷിൻ ശർമ്മ എന്നിവർ അറിയിച്ചു.