തിരുവല്ല : നവീകരിച്ച കുറ്റപ്പുഴ യെരുശലേം ദേവാലയത്തിന്റെ കൂദാശയും പ്ലാറ്റിനം ജൂബിലി സമാപനവും ആഗസ്ത് 15, 17 തീയതികളില്‍ നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച പള്ളിയുടെ കൂദാശ ശുശ്രൂഷ 15 നു വൈകിട്ട് 4 മണിക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും. ആഗസ്ത് 17 ന് രാവിലെ 8 മണിക്ക് ആരാധനയെ തുടര്‍ന്ന് ഇടവക ദിനാഘോഷവും, പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും വികാരി റവ. സുനില്‍ ചാക്കോയുടെ അധ്യക്ഷതയില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 80 വയസ്സ് പൂര്‍ത്തീകരിച്ചവരെയും, വിവാഹ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചവരെയും സമ്മേളനത്തില്‍ ആദരിക്കും. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
തിരുവല്ല സെന്റ്. തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ഒരു ചാപ്പല്‍ കുറ്റപ്പുഴയില്‍ ഉണ്ടായിരുന്നു. ഇവിടെ കൂടി വന്നിരുന്ന 48 വീട്ടുകാര്‍ 1950ല്‍ ഒരു ഇടവകയായി മാറി, കുറ്റപ്പുഴ യെരുശലേം മാര്‍ത്തോമാ ഇടവകയ്ക്ക് രൂപം കൊടുത്തു. ഇന്ന് 504 കുടുംബങ്ങളിലായി 2000ല്‍ അധികം പേര് ഇടവകാംഗങ്ങളാണ്. സാംസ്‌കാരിക കേരളത്തിന്റെ സിരാ കേന്ദ്രമായ തിരുവല്ലയ്ക്കു അഭിമാനിക്കാവുന്ന മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും ഇടവകയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാലില്‍ ഇടവക പണികഴിപ്പിച്ച സാന്തോം മാര്‍ത്തോമ്മാ പള്ളിയും പെണ്‍കുട്ടികള്‍ക്കായുള്ള സ്‌നേഹജ്യോതി ഹോസ്റ്റലും പ്രത്യേകം എടുത്തുപറയത്തക്കതാണ്. സ്‌നേഹ ജ്യോതി ഹോസ്റ്റലിലൂടെ 60 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഇടവക ഏറ്റെടുത്തു നടത്തിവരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടവകയുടെ പ്ലാറ്റിനംജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, ഭവന നിര്‍മ്മാണം, 11 ഭവനങ്ങളുടെ പുനഃരുദ്ധാരണം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ 4 കുട്ടികള്‍ക്കുമുള്ള വിദ്യാഭ്യാസ ധനസഹായം, സ്‌കൂള്‍-കോളേജുകളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം, 5 പെണ്‍ കുട്ടികള്‍ക്കുള്ള വിവാഹ സഹായം, ഡയാലിസിസ്-ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, വൈ എം സി എ വികാസ് സ്‌കൂളിനുള്ള ധനസഹായം, ജൂബിലി കണ്‍വെന്‍ഷന്‍, കുടുംബ നവീകരണ ധ്യാനം, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ മാതാപിതാക്കള്‍ നഷ്ട്ടപെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ സഹായം, പഠന പ്രഭാഷണങ്ങള്‍, നന്ദ്യാലില്‍ മിഷന്‍ ഫീല്‍ഡില്‍ ഉള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ പുനരുദ്ധാരണം, ഗാനസന്ധ്യ മുതലായവ നടത്തി.
ഇടവക വികാരിയായി റവ. സുനില്‍ ചാക്കോയും, അസി. വികാരിയായി റവ. അനി അലക്‌സ് കുര്യനും നേതൃത്വം നല്‍കുന്നു. പ്രൊഫ. കുര്യന്‍ ജോണ്‍ ജൂബിലി കണ്‍വീനറായും, ജേക്കബ് ചാക്കോ ചര്‍ച്ച് റിനവേഷന്‍ കണ്‍വീനര്‍ ആയും പ്രവര്‍ത്തിച്ചു. പ്രസാദ് ചെറിയാന്‍ (സെക്രട്ടറി), എം.സി. വര്‍ഗ്ഗീസ് (ട്രസ്റ്റി), ജോര്‍ജി ജേക്കബ് (അക്കൗണ്ടന്റ്), ക്രിസ് തോമസ് (കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി) എന്നിവര്‍ നേതൃത്വം നല്‍കും.