തിരുവല്ല – കുമ്പഴ റോഡിലൂടെ തിരുവല്ല ഭാഗത്തേക്കു വരികയായിരുന്ന ടോറസ് ലോറിയ്ക്കാണ് തീപിടിച്ചത്.
ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം നടന്നത്. സംഭവം നടന്നയുടനെ ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്.
ടോറസ് സഞ്ചരിച്ചിരുന്ന അതേ ദിശയിൽ ഏതാനും വാഹനങ്ങൾക്കു മുന്നിലായി പോയിരുന്ന കാർ പോക്കറ്റ് റോഡിലേക്കു തിരിയാനായി വേഗം കുറച്ചതോടെ പിന്നാലെ പോയിരുന്ന മറ്റ് വാഹനങ്ങളും വേഗം കുറച്ചു. എന്നാൽ ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു.
ലോറിയുടെ അടിഭാഗത്തുനിന്ന് തീപടർന്നു തുടങ്ങിയപ്പോൾ തന്നെ മുന്നിൽ ഉണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിത അകലത്തിലേക്ക് ഓടിച്ചുമാറ്റി.
ഇതിനു പിന്നാലെയാണ് ടോറസ് പൂർണമായും കത്തിനശിച്ചത്. നാഷനൽ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
തിരുവല്ലായിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.