തിരുവല്ല:
എം സി റോഡിൽ മുത്തൂരിൽ വൻ കഞ്ചാവ് വേട്ട. പാഴ്സൽ സർവിസിന്റെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 20 കിലോഗ്രാമോളം തൂക്കം വരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കൊല്ലം കരവൂർ പാലമൂട്ടിൽ വീട്ടിൽ ഡ്രൈവർ എസ്. സന്ദീപ് (24), സഹായി പത്തനംതിട്ട കൊടുമൺ ഐക്കാട് കൊടിയിൽ വീട്ടിൽ ജിതിൻ മോഹൻ (38)
എന്നിവരാണ് പിടിയിലായത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിള
ലോജിസ്റ്റിക്സ് എന്ന ലോറിയും പൊലീസ്
കസ്റ്റഡിയിൽ എടുത്തു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ്. ആഷാദിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും പരിശോധനക്ക് നേതൃത്വം നൽകി. ബുധനാഴ്ച മൂന്നരയോടെയാണ് ലോറിയുടെ ക്യാബിനിൽ 12 പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കൊൽക്കത്തയിൽ നിന്നും പത്തനാപുരത്തേക്ക് വരികയായിരുന്നു ലോറി.
പിടിയിലായ ജിതിൻ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല തഹസിൽദാർ സിനിമോൾ മാത്യു സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.