തിരുവല്ല:
റവന്യൂ ടവറിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും റവന്യൂ ടവറിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ഇരുപത്തഞ്ചോളം സർക്കാർ ഓഫീസുകളും അമ്പതിന് മുകളിൽ സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റവന്യൂ ടവറിൽ ദൈനംദിനം ആയിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. ദിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെയുള്ള പൊതുജനങ്ങളും ജീവനക്കാരും ലിഫ്റ്റിൻ്റെ അഭാവത്തിൽ ദുരിതം അനുഭവിക്കുകയാണ്. ഉപയോത്തിലിരുന്ന ലിഫ്റ്റുകൾ തകരാർ മൂലം പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തിലധികമായി. നിരന്തരമായ പ്രക്ഷോഭത്തെ തുടർന്ന് പുതിയ ലിഫ്റ്റ് സ്ഥാപിച്ചെങ്കിലും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ലിഫ്റ്റ് തുറന്നുകൊടുക്കുന്നത് നീണ്ടുപോകുകയാണ്.
റവന്യൂ ടവറിന് സമീപം മലിനജലം പൊട്ടിയൊഴുകുന്ന സാഹചര്യം ഉണ്ട്. കെട്ടിടത്തിന് സമീപം വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് എൻ ജി ഒ യൂണിയൻ ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എൽ. അഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജി. ശ്രീരാജ്, ഏരിയ പ്രസിഡൻ്റ് അനൂപ് അനിരുദ്ധൻ, ഏരിയ സെക്രട്ടറി ബി. സജീഷ് എന്നിവർ സംസാരിച്ചു.