തിരുവല്ല : കടപ്ര മുൻ പഞ്ചായത്ത് പ്രസിഡൻ്റും, സിപിഐ എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും തിരുവല്ല താലൂക്ക് മുൻ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ വീട്ടിൽ പ്രൊഫ. എ ലോപ്പസ് (86) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ : ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി).
മകൻ : അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ : ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല). സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണി പിതൃസഹോദര പുത്രനാണ്.
പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. 1979 മുതൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷകസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഐ എം തിക്കപ്പുഴ ബ്രാഞ്ച് അംഗമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ആഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും
4 ന് പരുമല ലോക്കൽ കമ്മിറ്റി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തും.