തിരുവല്ല : അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ വിതയ്ക്കൽ തുടങ്ങി. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടത്ത് ദീപാവലി നാളിൽ തുടങ്ങിയ വിത്ത് വിതയ്ക്കൽ തിങ്കളാഴ്ച പൂർത്തിയാകും. 60 കർഷകർ ചേർന്നാണ് പടവിനകം പാടത്ത് കൃഷിയിറക്കുന്നത്. 105 ഏക്കറുള്ള ഈ പാടത്ത് ജ്യോതി വിത്താണ് കർഷക തൊഴിലാളികളുടെ സഹായത്തോടെ വിതച്ചത്. 120 ദിവസം കൊണ്ട് വിളവെടുക്കാനാകും. പടവിനകം എ, പാണാകേരി, വേളൂർ മുണ്ടകം, വേങ്ങൽ, വേങ്ങൽ ഇരുകര, മേപ്രാൽ എന്നീ പാടശേഖരങ്ങളും വിത കാത്ത് ഒരുങ്ങിയിരിക്കുകയാണ്.
പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്നത് പെരിങ്ങര പഞ്ചായത്തിലാണ്. ആയിരത്തോളം ഹെക്ടർ പാടം ഉണ്ടെങ്കിലും 910 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. എങ്കിലും ജില്ലയിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്നത് പെരിങ്ങര പഞ്ചായത്തിലാണ്. പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ് ബിജു കുരുവിക്കാട്, സജീവൻ കൈതവന അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തിട്ട എന്നിവരും മറുകർഷകരും വിതയ്ക്ക് നൽകി.