തിരുവല്ല :
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറേറ്റർ റൂമിന് തീ പിടിച്ചു. ആശുപത്രി കെട്ടിടത്തിന് പിൻവശത്തായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ള ജനറേറ്റർ റൂമിനാണ് തീപിടിച്ചത്. ജനറേറ്റർ റൂമിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ തീപിടുത്തം ഉണ്ടായതിന് പിന്നാലെ റൂമിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ആശുപത്രിയിലേക്കുള്ള കെഎസ്ഇബി ലൈനിൽ രാത്രിയോടെ തകരാർ സംഭവിച്ചിരുന്നു. തകരാർ പരിഹരിക്കുന്നതിനുള്ള ജോലികൾ രാവിലെ മുതൽക്കേ ആരംഭിച്ചിരുന്നു.
ഇതേ തുടർന്ന് ജനറേറ്റർ മുഖേനയാണ് ആശുപത്രി പൂർണമായും പ്രവർത്തിച്ചിരുന്നത്.
ജനറേറ്ററിൽ നിന്നും പുറത്തേക്കുള്ള കണക്ഷനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ മൂന്ന് അഗ്നി രക്ഷാ സേന യൂണിറ്റുകളുടെ തീവ്ര ശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി.