തിരുവല്ല :
ദേശീയപാതയേയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെയും, തിരുമൂലപുരം-കറ്റോട് റോഡിലെയും റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട റോഡ് ആഴ്ചകൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തത് മൂലം റോഡ് ഗതാഗതം താറുമാറായി. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈപാതകളിൽ വാഹനങ്ങൾ കൂടാതെ ടികെ റോഡിൽ മഞ്ഞാടിയിൽ നടക്കുന്ന കലുങ്ക് നിർമ്മാണത്തിന് തുടർന്ന് വലിയ വാഹനങ്ങൾ ഉൾപ്പെടെ തിരിച്ചുവിട്ടിരുന്നതും ഈ റോഡുകളിലൂടെ ആയിരുന്നു. ഇതിനിടയിൽ അടിപ്പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം റെയിൽവേ ഗേറ്റ്പൂട്ടി നിരോധിക്കുകയും ചെയ്തു.
ആഴ്ചകൾ കഴിഞ്ഞിട്ടും അടിപ്പാതയിലെ വെള്ളം അടിച്ചുവറ്റിക്കാൻ റെയിൽവേ തയ്യാറാകാത്തതിനാൽ ഇപ്പോഴും ഗേറ്റുകൾ അടഞ്ഞു കിടക്കുകയാണ്. വെള്ളം വറ്റിച്ച് ഈ റോഡുകൾ തുറന്നു കൊടുത്തിരുന്നെങ്കിൽ ടി കെ റോഡിലെ ഗതാഗതക്കുരുക്കിന് വലിയൊരു അളവ് വരെ പരിഹാരം കാണാൻ സാധിക്കുമായിരുന്നു. കുറ്റൂർ റെയിൽവേ അടിപ്പാതയിൽ റോഡിന് തെക്കുവശത്ത് ആയി വീതി കൂട്ടിയ ഫുട്പാത്തിലൂടെ വലിയ കാറുകൾ ഉൾപ്പെടെ കടന്നു പോകാൻ സാധിക്കുമെങ്കിലും ഈ ഭാഗത്തും രൂക്ഷമായ ഗതാഗതകുരുക്കും തർക്കങ്ങളും പതിവായി മാറിയിരിക്കുകയാണ്. റെയിൽവേ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും അടിസ്ഥാന പ്രശ്നമായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് മാത്രം പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകൻ വി ആർ രാജേഷ് വ്യക്തമാക്കി.